സമാധാനത്തിന് രാഷ്ട്രീയ സമീപനങ്ങള്‍ മാറണം: പി ഗോപിനാഥന് നായര്‍
കണ്ണൂര്‍: രാഷ്ട്രീയ നേതൃത്വങ്ങളുടെ സമീപനങ്ങളില്‍ മാറ്റം വരുന്നതിലൂടെ മാത്രമേ ജില്ലയില്‍ സമാധാനം പുലരുകയുള്ളൂവെന്ന് ഗാന്ധിയന്‍ പത്മശ്രീ പി ഗോപിനാഥന് നായര്‍. കണ്ണൂരിന്റെ സമാധാനത്തിനായി കൈകോര്‍ക്കുക എന്ന സന്ദേശവുമായി കണ്ണൂര്‍ പീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഈക്കോസ് മിനി ഹാളില്‍ നടന്ന സമാധാന ചര്‍ച്ചാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ ഒഴുക്ക് മനസിലാക്കാന്‍ കഴിയുന്നവരാണ് യഥാര്‍ഥ നേതാവ്. അവര്‍ക്കു മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഇന്നു നമ്മുടെ രാജ്യം ഉദ്യോഗസ്ഥര്‍ പിടിമുറുക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ പോലും ഇവര്‍ക്കു കീഴില്‍ മുട്ടുമടക്കുകയാണ്. ഇത്തരം സമീപനങ്ങളില്‍ മാറേണ്ടതുണ്ടെന്നും കാലത്തിന്റെ ഗതി മനസിലാക്കുന്ന പദ്ധതികള്‍ നാടിനു ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ രൂപത ബിഷപ്പ് അലക്സ് വടക്കുംതല അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്, ഡോ. എന്‍ രാധാകൃഷ്ണന്, പ്രൊഫ. മുഹമ്മദ് അഹമ്മദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി നാരായണന്, അന്‍സാരി തില്ലങ്കേരി, എ നാരായണന്, ജോയി കൊന്നക്കല്‍, വര്‍ക്കി വട്ടപ്പാറ, തൈക്കണ്ടി മുരളീധരന്, ഫാ. സ്കറിയ കല്ലൂര്‍, ടി.പി.ആര് നാഥ്, എ ചന്ദ്രബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."