നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: കൊലപാതകമാണെന്ന് സഹോദരി
കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും സഹോദരി പി.കെ ഐശ്വര്യ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹമെങ്കിലും അവളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നു. ഇതു സംബന്ധിച്ച് സിറ്റി കമ്മിഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ നഴ്‌സിങ് കോളജിലെ രണ്ടാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ശ്രീലക്ഷ്മിയുടെ (19) മരണം സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ശ്രീലക്ഷ്മിയെ കഴിഞ്ഞ 15ന് ഉച്ചയ്ക്കു ശേഷം കാണാതാവുകയും പിന്നീട് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഹോസ്റ്റലിലെ ഒരു ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെക്കുറിച്ച് സാക്ഷി പറഞ്ഞതിനു പിന്നാലെയാണ് ശ്രീലക്ഷ്മിയെ കാണാതായതും മരിച്ച നിലയില്‍ കണ്ടതെന്നും ദുരൂഹതയുണര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ സംഭവത്തെ കുറിച്ച് പുറംലോകം അറിയുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രീലക്ഷ്മിയുടെ മരണത്തെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്. ശ്രീലക്ഷ്മിയുടെ മരണം പ്രണയ നൈരാശ്യം കാരണമാണെന്ന പ്രചാരണത്തിന് പിന്നില്‍ ഇതാണെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. മരണം സംബന്ധിച്ച നിജസ്ഥിതി പുറത്തുകൊണ്ടു വരണമെന്നും പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."