ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍; പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
കേസ് കെട്ടിച്ചമച്ചത്, ഡബ്ല്യു.സി.സിയുടെ രൂപീകരണം എന്തിനെന്നറിയില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണെന്നും താന്‍ അറിയുന്ന ദിലീപ് ഒന്നരപ്പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരേ വിമര്‍ശനങ്ങളും നിറഞ്ഞു.
പുതിയ ചിത്രത്തിന്റെ പ്രചാരണാര്‍ഥം സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസന്‍ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യു.സി.സിക്ക് (വിമന്‍ ഇന്‍ സിനിമാ കലക്ടീവ്) എതിരേയും ശ്രീനിവാസന്‍ തുറന്നവിമര്‍ശനം ഉന്നയിച്ചു. തുല്യവേതനമെന്ന ആവശ്യവും സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് സംഘടന ഉന്നയിച്ച വിമര്‍ശനങ്ങളെ ശ്രീനിവാസന്‍ തള്ളി.
ഡബ്ല്യു.സി.സിയുടെ ആവശ്യവും ഉദ്ദേശവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താര വിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.
ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
ദിലീപിനെ താരം പിന്തുണച്ചതോടെ ശക്തമായ വിമര്‍ശനമാണ് ശ്രീനിവാസന് ലഭിക്കുന്നത്. വിഷയത്തില്‍ ഇതുവരെ തുറന്ന നിലപാട് സ്വീകരിക്കാതിരുന്ന നടന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ്. ആക്രമിക്കപ്പെട്ട നടിയെ ശ്രീനിവാസന്‍ അപമാനിക്കുകയാണെന്ന തരത്തില്‍ സാമൂഹിക പ്രവര്‍ത്തക ഗീത ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിക്കഴിഞ്ഞു.
ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയില്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളിയെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗീത സമൂഹമാധ്യമത്തില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."