മുഖം മറയ്ക്കലും മുജാഹിദ് പ്രസ്ഥാനവും
'നിഖാബ്'(സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രം) നിരോധിച്ച ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിഖാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന എം.ഇ.എസിന്റെ തീരുമാനവും ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സമസ്ത ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ഇസ്‌ലാമിന്റെ പാരമ്പര്യ നിയമത്തോടൊപ്പം ഉറച്ചുനിന്നപ്പോള്‍ മുജാഹിദ് വിഭാഗമുള്‍പ്പെടെയുള്ള ചില മതനവീകരണ സംഘങ്ങളും മുസ്‌ലിം നാമധാരികളായ ചില യുക്തിവാദികളും'നിഖാബ് ' നിരോധനത്തെ സ്വാഗതം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമിയും ഹരിതയുടെ നേതാക്കളും എം.എസ്.എഫ് പ്രസിഡന്റും നിഖാബ് നിരോധനത്തിനെതിരേ പ്രതികരിച്ചതും ഇസ്‌ലാമിക ശരീഅത്തിനോടൊപ്പം അണിചേര്‍ന്നതും പ്രതീക്ഷയ്ക്കു വക നല്‍കുന്നു. ഇസ്‌ലാമിനെതിരായ ഏത് വിവാദത്തിലും ശരീഅത്ത് വിരുദ്ധര്‍ക്കൊപ്പം മാത്രം ചേര്‍ന്നു നില്‍ക്കുന്ന ചില യുവജന നേതാക്കള്‍ മൗനം പാലിച്ചുകൊണ്ടാണെങ്കിലും നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് ശുഭ സൂചനയായി കാണാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യനായ അധ്യക്ഷന്‍ സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ആര്‍ജവമുള്ള നിലപാടാണ് ഈ വിഷയത്തില്‍ ഇത്ര വലിയ പ്രതികരണമുണ്ടാക്കിയത്.
മുജാഹിദ് വിഭാഗങ്ങള്‍ അവരുടെ ജന്മവൈകല്യം ഈ വിവാദത്തിലും പ്രകടിപ്പിച്ചു. ബാങ്ക് പലിശ ഹലാലാക്കാന്‍ വേണ്ടി 1929ല്‍ 'രിസാലത്തുല്‍ ഫില്‍ ബങ്ക് 'എന്ന പേരില്‍ 'കിതാബ് ' പ്രസിദ്ധീകരിച്ചവരാണവര്‍. സ്ഥാപകകാല നേതാക്കളായ കെ.എം മൗലവിയും കെ.എം സീതി സാഹിബും എറണാകുളത്തു പലിശയധിഷ്ഠിത ബാങ്കിനു തുടക്കം കുറിക്കുകയും ചെയ്തു. പലിശ ഹലാലാക്കാന്‍ ഖുര്‍ആന്‍ സൂക്തം പോലും അവര്‍ വളച്ചൊടിച്ചു. സമസ്ത ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പലിശ ഹലാലാക്കല്‍ 'ഫത്ത്‌വ'യില്‍ നിന്ന് അവര്‍ പിന്‍വാങ്ങിയത്.
കെ.എന്‍.എം സംസ്ഥാന അധ്യക്ഷന്‍ സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്ന കണിശമായ നിലപാടിലാണ്. ഹജ്ജ് വേളയില്‍ സ്ത്രീകള്‍ മുഖം മറയ്ക്കരുതെന്ന ഇസ്‌ലാമിക നിയമമാണ് ഇദ്ദേഹത്തിന്റെ തെളിവ്. ഇമ്മാതിരി തെളിവുകളുമായി വന്നാല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ കുടുങ്ങും. ഹജ്ജ് വേളയില്‍ പുരുഷന്മാര്‍ ഷര്‍ട്ട്, അണ്ടര്‍വെയര്‍, ഷൂ എന്നിവയൊന്നും ധരിക്കാന്‍ പാടില്ല. ഇനി മുതല്‍ മുജാഹിദ് പുരുഷന്മാര്‍ ഷര്‍ട്ട് ഒഴിവാക്കുമോ ബനിയനും അണ്ടര്‍വെയറും തൊപ്പിയും ഷൂവുമൊക്കെ ഒഴിവാക്കി നടക്കാന്‍ പറഞ്ഞാല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ അനുസരിക്കുമോ ഇവരുടെ ഉപാധ്യക്ഷന്‍ തൊപ്പി ഊരിവയ്ക്കുമോ
കെ.എന്‍.എം പ്രസിദ്ധീകരിക്കുകയും ഇവരുടെ പള്ളികളില്‍ വായനയ്ക്കായി വഖ്ഫ് ചെയ്യുകയും ചെയ്ത അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ ഒരാവര്‍ത്തിയെങ്കിലും വായിക്കാത്തവരാണോ മുജാഹിദ് നേതാക്കള്‍ തങ്ങള്‍ പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന ഖുര്‍ആന്‍ പരിഭാഷയിലെ മതവിധികള്‍ സ്വന്തം സംഘടനയ്ക്കു ബാധകമല്ലെങ്കില്‍ ഇതിന്റെ പ്രിന്റിങും വിതരണവും നിര്‍ത്തിവച്ചുകൂടേ പല മതവിധികളും പരിഷ്‌കരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്ത പോലെ ഖുര്‍ആന്‍ പരിഭാഷയും പരിഷ്‌കരിച്ച ശേഷം പ്രസിദ്ധീകരിക്കുകയല്ലേ ഉചിതം മുജാഹിദ് വിഭാഗത്തിനിതു പുത്തരിയല്ലല്ലോ.
ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും നേര്‍ക്കു നേരെ മാത്രമേ മതവിധി സ്വീകരിക്കാവൂ എന്നും ഇമാമുകളെ പിന്‍പറ്റാന്‍ പാടില്ലെന്നും ശഠിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍, സ്വന്തം സംഘടനയില്‍ ഭിന്നിപ്പു വന്നപ്പോള്‍ നേതാക്കള്‍ പറയുന്നത് നിരുപാധികം അനുസരിക്കണമെന്നും തെറ്റു പറ്റിയാല്‍ നാളെ പരലോകത്ത് അതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ നേതാക്കള്‍ ഏറ്റെടുക്കുമെന്നും പ്രസ്താവിച്ച പ്രസിഡന്റാണ് മുജാഹിദുകളുടേത്.
സൂറത്തുല്‍ അഹസാബ് 59ാം നമ്പര്‍ സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരം: 'നബിയേ, അങ്ങയുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ മേല്‍വസ്ത്രം(ജലാബീബ്) അവരുടെ മേല്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക.'
ഈ സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് മുജാഹിദ് ഖുര്‍ആന്‍ പരിഭാഷ പറയുന്നത് കാണുക. 'ശരീരം മുഴുവന്‍ തലയും കഴുത്തും മുഖവുമടക്കം 'ജില്‍ബാബ്'കൊണ്ട് മൂടി മറയ്‌ക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍ നിന്നും വരുന്നത്. സാധാരണ നിലയില്‍ ആകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്റെ താല്‍പര്യമെന്നും എങ്കിലും കണ്ണിന്റെ കാഴ്ചക്ക് ഭംഗം വരാത്തവണ്ണം കണ്ണുകള്‍ അതില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വഹാബികളും താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്താനും. (വി.ഖുര്‍ആന്‍ വിവരണം 3/2620, മുജാഹിദ് സെന്റര്‍).
ഇസ്‌ലാമിലെ പര്‍ദ സമ്പ്രദായത്തിനെതിരേ ഖുര്‍ആനും സുന്നത്തും വളച്ചൊടിച്ചു രംഗത്തുവരുന്നവര്‍ക്കെതിരേ രൂക്ഷമായാണ് മുജാഹിദ് പരിഭാഷ പ്രതികരിക്കുന്നത്. സ്വന്തം സംഘടനയുടെ നേതൃത്വത്തില്‍ പില്‍ക്കാലത്ത് വരുന്നവരെ ഉദ്ദേശിച്ചായിരിക്കുമോ അമാനി മൗലവി ഇപ്രകാരം പറഞ്ഞതെന്നറിഞ്ഞു കൂടാ. 'ഇസ്‌ലാമിക സംസ്‌കാരങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്‌കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്‌നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അറിഞ്ഞോ അറിയാതെയോ മുസ്‌ലിം സ്ത്രീകളുടെ പര്‍ദയെ കഴിവതും വെട്ടിക്കുറയ്ക്കുവാനും അതിനുവേണ്ടി ഖുര്‍ആനിനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും മുസ്‌ലിംകളുടെ പര്‍ദ സമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്ന് ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും അങ്ങനെ 57ാം വചനത്തിലെ: താക്കീതിന് പാത്രമായിത്തീരാതിരിക്കാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു(അ: പു: ( 3/2621).
സ്ത്രീപുരുഷ ദര്‍ശനത്തിന്റെ മതവിധി കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വസ്തുനിഷ്ഠമായി വിശദീകരിച്ചിട്ടുണ്ട്. ''അന്യസ്ത്രീയുടെ ശരീരഭാഗത്തില്‍ നിന്ന് അല്‍പമെങ്കിലും മുഖവും മുന്‍കൈയും ഉള്‍പ്പെടെ നോക്കല്‍ പുരുഷനു നിഷിദ്ധമാണ്'' (ഫത്ത്ഹുല്‍ മുഈന്‍ 3/410).
''അന്യ പുരുഷന്‍ നോക്കുമെന്ന് കണ്ടാല്‍ മുഖം മറയ്ക്കല്‍ സ്ത്രീക്ക് നിര്‍ബന്ധമാണ് ''( ഇആനത്ത് 3/410). ''അവരോട് (സ്ത്രീകളോട് ) നിങ്ങള്‍ വല്ല വസ്തുക്കളും ചോദിക്കുകയാണെങ്കില്‍ ഒരു കര്‍ട്ടന്റെ പിന്നില്‍ നിന്ന് ചോദിക്കുക'' (വി: ഖുര്‍ആന്‍: അഹ്‌സാബ്: 53).
അബൂബക്ര്‍(റ)വിന്റെ മകള്‍ 'അസ്മാ(റ)യില്‍ നിന്ന് നിവേദനം, പുരുഷന്‍മാര്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ മുഖം മറയ്ക്കാറുണ്ടായിരുന്നു(ഹാകിം).
അറബ് മുസ്‌ലിം സ്ത്രീകളില്‍ മഹാഭൂരിപക്ഷവും ഇന്നും മുഖം മറയ്ക്കുന്നവരാണ്. യു.എ.ഇയിലെ ഒരു ഗവ. ഹോസ്പിറ്റലിലെ ഡോ. ജൗസല്‍ എഴുതുന്നു: 'എന്റെ രോഗികളില്‍ 90 ശതമാനവും തദ്ദേശീയരായ ഇമാറാത്തി പൗരരാണ്. രോഗികളില്‍ 80 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമായിരിക്കും. 90 ശതമാനം ഇമാറാത്തി സ്ത്രീകളും മുഖം മറയ്ക്കുന്നവരാണ്. യുവതികളായ സ്ത്രീകള്‍ എല്ലാവരും തന്നെ പൊതുവെ നല്ല വിദ്യാസമ്പന്നരാണ്, മാത്രമല്ല നല്ല ഒരു വിഭാഗം സ്ത്രീകളും നല്ല അമേരിക്കന്‍ ആക്‌സന്റ് ഇംഗ്ലീഷില്‍ സംസാരിക്കുന്നവരുമാണ്.'
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ മുന്‍ കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ഒരു കുട നിവര്‍ത്തിപ്പിടിക്കുമായിരുന്നു. അന്യപുരുഷന്‍മാരുള്ള സ്ഥലത്തെത്തിയാല്‍ കുടകൊണ്ട് അവര്‍ മുഖം മറയ്ക്കുമായിരുന്നു.
ഇസ്‌ലാമിക നിയമങ്ങള്‍ അട്ടിമറിക്കാനും ഉന്‍മൂലനം ചെയ്യാനുമുള്ള ഡോ. ഫസല്‍ ഗഫൂറിന്റെ നീക്കത്തിനെതിരേയുള്ള പ്രതികരണങ്ങളാണിതുവരെ വന്നത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക വേഷം ധരിച്ച് പഠിക്കാനനുവദിക്കില്ലെന്ന നിലപാട് ധിക്കാരമാണ്. ഇത് ചെറുത്തുതോല്‍പിക്കല്‍ അനിവാര്യമാണ്. ലക്ഷ്യം നേടിയെടുക്കാന്‍ നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ഏതറ്റം വരെയും പോകേണ്ടിവരും. ജാഗരൂകരാവുക നാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."