HOME
DETAILS
MAL
പി.എം കെയര്‍ ഫണ്ട് സ്വജനപക്ഷപാതത്തിന് വഴിവയ്ക്കുന്നതെന്ന് പ്രേമചന്ദ്രന്‍
backup
September 20 2020 | 02:09 AM
ന്യൂഡല്‍ഹി: സി.എ.ജിയുടെ ഓഡിറ്റിന് വിധേയമാക്കാത്ത പി.എം കെയര്‍ ഫണ്ട് സുതാര്യതയില്ലാത്തതും സ്വജനപക്ഷപാതത്തിനും അഴിമതിയ്ക്കും വഴിതെളിക്കുന്നതുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോകസഭയില്‍ പറഞ്ഞു.
നികുതിയിളവുകളെ സംബന്ധിച്ച നിമയഭേദഗതി ഓര്‍ഡിനന്‍സിനെതിരെ നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.
ദേശീയ ദുരിതാശ്വാസ നിധി ഉള്ളപ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ മറ്റൊരു പ്രത്യേക നിധി രൂപീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
പി.എം കെയറില്‍ സംഭാവന നല്‍കുന്നത് ചാരിറ്റിയുടെ പരിധിയില്‍ വരുന്നതോടെ ഇരട്ട നികുതി അനുകൂല്യമാണ് കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സുതാര്യമാക്കണം: ഇ.ടി
ന്യൂഡല്‍ഹി: പി.എം കെയര്‍ ഫണ്ട് സുതാര്യമാക്കണമെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഫണ്ട് ഫലപ്രദമായ രീതിയിലും കാര്യക്ഷമമായും സുതാര്യമായും ഉപയോഗിച്ചാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയുള്ളു.
കൊവിഡിനെ പ്രതിരോധിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനായില്ല. കാര്യമായ ആസൂത്രണമോ മുന്‍കരുതലുകളോ ഇല്ലാതെ അര്‍ധരാത്രി ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതാണ് രാജ്യത്തെ സ്ഥിതി മോശമാകാന്‍ കാരണമെന്നും ഇ.ടി പറഞ്ഞു.
രാജ്യത്തെ പൗരന്‍മാരെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കുന്നതിനു പകരം ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് സത്യസന്ധമായി പറയുന്ന ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ ഒരു നടപടിയും ഉണ്ടായില്ല. യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ നിയമങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ വേട്ടയാടുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."