HOME
DETAILS
MAL
സാലറി കട്ടില്‍ ഇളവിന് ആലോചന
backup
September 20 2020 | 02:09 AM
ചൊവ്വാഴ്ച യോഗം വിളിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം കട്ട് ചെയ്യാനുള്ള തീരുമാനത്തിനെതിരേ ഭരണ-പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ പ്രതിക്ഷേധം ശക്തമാക്കിയതോടെ സംഘടനാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്കാണ് യോഗം വിളിച്ചത്.
ചൊവ്വാഴ്ചയാണ് യോഗം. എന്നാല്‍ ശമ്പള കട്ടില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന സൂചനയാണ് ധനവകുപ്പ് നല്‍കുന്നത്. മാസം ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം അഞ്ചു ദിവസമായി ചുരുക്കിയേക്കും. ചില വിഭാഗങ്ങള്‍ക്ക് പണം പിന്നീട് നല്‍കാമെന്ന വ്യവസ്ഥയും വരും. 15,000 രൂപ ഓണം അഡ്വാന്‍സ് എടുത്തവര്‍ക്ക് ശമ്പളം പിടിക്കുന്നതില്‍ ഇളവ് നല്‍കും. അവരില്‍ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പി.എഫില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും ഇളവ് നല്‍കും. 30,000 രൂപ വരെ ശമ്പളമുള്ളവരെ സാലറി കട്ടില്‍ നിന്നും ഒഴിവാക്കിയേക്കും.
സംസ്ഥാനത്ത് വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തിലും ജി.എസ്.ടി നഷ്ടപരിഹാര സെസ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടാത്ത സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ധനവകുപ്പ് പറയുന്നത്.
സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞു. വര്‍ഷം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 60,000 കോടിയാണ് വേണ്ടതെന്നും ധനവകുപ്പ് പറയുന്നു. ചൊവ്വാഴ്ച സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കും. തുടര്‍ന്ന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷം ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ ആലോചന.
പ്രതിഷേധിച്ച്
ഭരണകക്ഷി സര്‍വിസ്
സംഘടനകളും
സി.പി.എം അനുകൂല സര്‍വിസ് സംഘടനായ എന്‍.ജി.ഒ യൂനിയന് പോലും ശമ്പളം പിടിക്കുന്ന നടപടി തുടരുന്നതില്‍ കടുത്ത അമര്‍ഷമുണ്ട്. ജീവനക്കാരുടെ വായ്പാ തിരിച്ചടവുകള്‍ അടക്കം മുടങ്ങിയ സാഹചര്യത്തില്‍ സംഘടനാ നേതൃത്വം സമ്മര്‍ദത്തിലാണ്. പി.എഫില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് നീട്ടി നല്‍കുന്നതു പോലെയുള്ള സമാശ്വാസ നടപടികള്‍ പ്രഖ്യാപിച്ച ശേഷമേ തീരുമാനം നടപ്പാക്കാവൂ എന്ന് എന്‍.ജി.ഒ യൂനിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ഓര്‍ഡിനന്‍സിലൂടെ പിടിക്കുന്നത് ഭൂഷണമല്ലെന്ന പരസ്യനിലപാടുമായി സി.പി.ഐ അനുകൂല സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്. വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ പണിമുടക്കുമെന്നും കോടതിയെ സമീപിക്കുമെന്നുമാണ് പ്രതിപക്ഷ സര്‍വിസ് സംഘടനകളുടെ നിലപാട്.
ആരോഗ്യ വകുപ്പ്
ജീവനക്കാരെ
ഒഴിവാക്കണം
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 20 ശതമാനം പിടിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ഇതില്‍ നിന്നും എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്നും കേരള സ്‌റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി.സുഷമയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. ബാലഗോപാലും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."