HOME
DETAILS
MAL
ഈന്തപ്പഴം നല്‍കിയത് 15 കുട്ടികള്‍ക്ക്; അവകാശവാദം 40,000 പേര്‍ക്കെന്ന്
backup
September 20 2020 | 02:09 AM
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 17,000 കിലോ ഈന്തപ്പഴം 40,000 കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്ന് സ്വപ്ന സുരേഷും സംഘവും അവകാശപ്പെട്ടിരുന്നുവെങ്കിലും നല്‍കിയത് 15 കുട്ടികള്‍ക്ക് മാത്രം. ഇക്കാര്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.
2017 മെയ് മാസത്തിലാണ് യു.എ.ഇയില്‍നിന്ന് 17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റിലേക്കെത്തുന്നത്. ഒരു ബോക്‌സില്‍ ഉണ്ടായിരുന്നത് 12 ഈന്തപ്പഴ പാക്കറ്റുകള്‍. കോണ്‍സുലേറ്റിലേക്കെത്തുന്ന വിശിഷ്ടാതിഥികള്‍ക്കു നല്‍കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. ആദ്യം ജീവനക്കാരടക്കമുള്ളവര്‍ക്കും പരിചയക്കാര്‍ക്കും മുന്തിയ ഇനം ഈന്തപ്പഴ പാക്കറ്റുകള്‍ സ്വപ്നയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള സ്ഥാപനങ്ങളിലും വിതരണം ചെയ്തു. പിന്നീടാണ് സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം സ്വപ്ന നടത്തിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നു പ്രചാരണം നല്‍കി, മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിതരണ ഉദ്ഘാടനം നടത്തിയശേഷം ഇഷ്ടക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും സ്വപ്ന തെറ്റിദ്ധരിപ്പിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നടക്കുന്നത് 2016 ഒക്ടോബര്‍ മാസത്തിലാണ്. 2016 അവസാനമാണ് സ്വപ്ന ജോലിയില്‍ പ്രവേശിക്കുന്നത്. 2017 മേയ് 26നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍വച്ച് സാമൂഹിക നീതിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയത്. 40,000 കുട്ടികള്‍ക്കു വിതരണം ചെയ്യുമെന്ന് സ്വപ്ന പലരെയും അറിയിക്കുകയും ചെയ്തു. എന്നാല്‍, ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമേ വിതരണം നടന്നുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഈന്തപ്പഴം വിതരണം നടന്നതായി തെളിവില്ല. ബഡ്‌സ് സ്‌കൂളുകളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പ്രവര്‍ത്തനത്തിനു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കുടുംബശ്രീയാണ്. അവര്‍ക്കും ഈന്തപ്പഴ വിതരണത്തെക്കുറിച്ച് അറിയില്ല.
അനൗദ്യോഗികമായി എവിടെയെങ്കിലും വിതരണം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈന്തപ്പഴങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്തു നടന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."