വീണ്ടും എട്ടടിച്ച് ബയേണ്‍; സെര്‍ജി നാബ്രിക്ക് ഹാട്രിക്
മ്യൂണിക്: ബയേണിന്റെ എട്ടടി ദാഹം തീരുന്നില്ല. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്കെതിരേ എട്ട് ഗോളടിച്ച അവര്‍ ഇന്നലെയും എട്ടില്‍ പണി തീര്‍ത്തു. ഇന്നലെ ബുണ്ടസ്ലിഗ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ശക്തരായ ഷാല്ക്കെയ്ക്കെതിരേയാണ് ബയേണ്‍ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് വമ്പുകാട്ടിയത്. സ്വന്തം മൈതാനത്ത് വച്ചായിരുന്നു ഗോളടിമേളം. മത്സരത്തില്‍ ജര്‍മന്‍ വിങ്ങര്‍ സെര്‍ജി നാബ്രി ഹാട്രിക് സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സകി, ലിയോണ്‍ ഗോരെറ്റ്സ്ക, തോമസ് മുള്ളര്‍, ലിറോയ് സാനെ, ജമാല്‍ മുസിയാല എന്നിവരും ഗോളടിച്ച് ആഘോഷം ഇരട്ടിപ്പിച്ചു. മത്സരത്തില്‍ ഇറങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. ബയേണിന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയാണ് സാനെ വരവറിയിച്ചത്.
നാലാം മിനുട്ടില്‍ത്തന്നെ ബയേണ്‍ അക്കൗണ്ട് തുറന്നു. ജോഷ്വാ കിമ്മിച്ചിന്റെ അസിസ്റ്റില്‍ നാബ്രിയാണ് ലീഡെടുത്തത്. പിന്നീടങ്ങോട്ട് ഗോള്മേളയായിരുന്നു. 19ാം മിനുട്ടില്‍ ലിയോണ്‍ ഗോരെറ്റ്സ്ക, 31ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ലെവന്‍ഡോവ്സ്കി, 47ാം മിനുട്ടിലും 59ാം മിനുട്ടിലും നാബ്രി, 69ാം മിനുട്ടില്‍ തോമസ് മുള്ളര്‍, 71ാം മിനുട്ടില്‍ ലിറോയ് സാനെ, 81ാം മിനുട്ടില്‍ ജമാല്‍ മുസിയാല എന്നിവര്‍ കൂടി എതിര്‍വല തുളച്ചതോടെ ബയേണ്‍ ജയം വീണ്ടും എട്ടിന്റെ നിറവില്‍. ഷാല്‍ക്കെയ്ക്കെതിരായ ഗോളോടെ, ബയേണിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബുണ്ടസ്ലിഗ ഗോള്‍സ്കോററെന്ന നേട്ടം മുസിയാലയെ തേടിയെത്തി. 27ന് ഹോഫന്ഫെയിമിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."