മൂലത്തറ ഡാമിലെ തകര്‍ന്ന ഭാഗം നന്നാക്കിയില്ല; വെള്ളം ചോര്‍ന്ന് പാഴാകുന്നു
പാലക്കാട് : ആളിയാറില്‍ നിന്നും കേരളത്തിലേക്ക് വിടുന്ന വെള്ളം ശേഖരിക്കുന്ന മൂലത്തറ ഡാമിലെ മുഴുവന്‍ ജലവും ചോര്‍ന്ന് പാഴാകുന്നു. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ചെത്തിയതിനാല്‍ ഡാമിന്റെ വലതുകര ഭാഗം തകര്‍ന്നിരുന്നു. ഇതിലൂടെയാണ് തമിഴ്‌നാട്ടിലെ മണക്കടവില്‍ നിന്നും തുറന്നു വിടുന്ന വെള്ളം മുഴുവനായും ചോര്‍ന്നുപോകുന്നത്. ഷട്ടറുകള്‍ക്ക് താഴെ അശാസ്ത്രീയമായി നിര്‍മിച്ച 13 വിയറുകളിലൂടെ വെള്ളം കയറി പോകാന്‍ കഴിയാത്തതിനാലാണ് ഡാം തകര്‍ന്നത്.
വെള്ളം ഒഴുകിപ്പോകുന്നതോടെ ചിറ്റൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ 40,000 ഏക്കര്‍ നെല്‍കൃഷിക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കനത്ത മഴയില്‍ നെല്‍കൃഷി നശിച്ചതിനു പിന്നാലെയാണ് പുതിയ കൃഷിക്കുള്ള വെള്ളവും ഒഴുകിപ്പോകുന്നത്. തകര്‍ന്ന ഭാഗം നന്നാക്കിയില്ലെങ്കില്‍ ചിറ്റൂര്‍ താലൂക്കിലെ രണ്ടാംവിളയും അവതാളത്തിലാവും. ഇപ്പോള്‍ ആളിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നതിനാല്‍ തമിഴ്‌നാട് 2000 മുതല്‍ 10,000 ഘനയടി വരെ വെള്ളം കേരളത്തിലേക്ക് തുറന്നു വിടുന്നുണ്ട്. ഇതെല്ലാം കേരളത്തിന് കരാര്‍ പ്രകാരം നല്‍കാനുള്ള കണക്കില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഏഴേകാല്‍ ടി. എം.സി വെള്ളമാണ് കരാര്‍ പ്രകാരം നല്‍കാനുള്ളത്. കനത്ത മഴക്കാലത്ത് ഒഴുകിയെത്തിയ മഴവെള്ളവും തമിഴ്‌നാട് കേരളത്തിന്റെ കണക്കില്‍ വരവ് സൂക്ഷിച്ചിരിക്കുകയാണ് .
മൂന്നു തവണ തകര്‍ന്ന മൂലത്തറ ഡാം 50 കോടിയോളം രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. 40 ശതമാനം പണികള്‍ കഴിഞ്ഞപ്പോഴാണ് വീണ്ടും ഒരു ഭാഗം തകര്‍ന്നത്. തകര്‍ന്ന ഭാഗം നന്നാക്കിയാല്‍ മാത്രമേ ബാക്കിയുള്ള പണികള്‍ തുടരാന്‍ കഴിയൂ. തകര്‍ന്നത് നന്നാക്കാന്‍ വീണ്ടും കരാര്‍ നല്‍കണം.
ഷട്ടറുകള്‍ക്ക് താഴെ നിര്‍മിച്ചിട്ടുള്ള 13 വിയറുകള്‍ പൊളിച്ചു നീക്കിയാല്‍ മാത്രമേ കൂടുതല്‍ വെള്ളം ഡാമിനകത്ത് ശേഖരിക്കാന്‍ കഴിയൂ.
തകര്‍ന്ന ഭാഗം നന്നാക്കണമെങ്കില്‍ ആളിയാറില്‍ നിന്നുള്ള വെള്ളമൊഴുക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."