HOME
DETAILS
MAL
ചെറിയ തെറ്റുകളുടെ പേരില്‍ അപേക്ഷകള്‍ നിരസിക്കപ്പെടുന്നു
backup
September 21 2020 | 07:09 AM
നിലമ്പൂര്‍: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ ചെറിയ തെറ്റുകളുടെ പേരില്‍ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുന്നു. ജാതിപോലെയുള്ള കോളങ്ങള്‍ പൂരിപ്പിക്കുന്നതിലെ പിശകാണ് കുറേപേര്‍ പുറത്താവാന്‍ കാരണമാവുന്നത്. പുറത്തായവരില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടി എസ്.എസ്.എല്‍.സി. വിജയിച്ച വിദ്യാര്‍ഥികളും ഉള്‍പ്പെടും. കഴിഞ്ഞദിവസമാണ് പ്രവേശനത്തിനുള്ള മുഖ്യ നടപടികള്‍ പൂര്‍ത്തിയായത്. പുറത്തായ വിദ്യാര്‍ഥികള്‍ക്ക് ഇനി സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ സമയത്തുമാത്രമേ തിരുത്തലിന് അവസരമുണ്ടാകൂ. ഏകജാലക പ്രവേശനം തുടങ്ങിയശേഷം ഇതാദ്യമായാണ് വിദ്യാര്‍ഥികള്‍ നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചത്. എല്ലാവര്‍ഷവും സ്‌കൂള്‍തലത്തില്‍ പരിശോധന നടത്തി തെറ്റുകള്‍ തിരുത്താറുണ്ടായിരുന്നു. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണമായതിനാല്‍ ഇക്കുറി ആ സൗകര്യമുണ്ടായില്ല. അതാണ് തെറ്റുകളുണ്ടാകുന്നതിലേക്കു നയിച്ചത്. മികച്ച മാര്‍ക്കുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയവും സ്‌കൂളും നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതതുദിവസംതന്നെ ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന നിര്‍ബന്ധവും തെറ്റുകള്‍ക്കിടയാക്കുന്നതായി ആക്ഷേപമുണ്ട്. മുഖ്യ അലോട്ട്‌മെന്റിലെ പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറുദിവസമുണ്ടായിട്ടും തിരുത്തലുകള്‍ വരുത്താന്‍ കഴിയാത്തത് പ്രയാസമുണ്ടാക്കുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്.
വിദ്യാര്‍ഥികളുടെ വിവരം ഒരുതവണ രേഖപ്പെടുത്തിയാലും അന്തിമമായി ഉറപ്പാക്കുന്നതിനു മുന്‍പ് മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യം മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്നു. താത്കാലികപ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പ്രവേശന തിയതികള്‍ അവസാനിക്കുന്നതിനു മുന്‍പ പ്രവേശനം സ്ഥിരപ്പെടുത്തുന്നതിനും തിരിച്ചും അവസരമുണ്ടായിരുന്നു. അഡ്മിഷന്‍ നമ്പര്‍, ഉപഭാഷ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്കും അവസരം നല്‍കിയിരുന്നു. അത് ഇക്കുറി എടുത്തുകളഞ്ഞത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒരുപോലെ വലയ്ക്കുന്നു.
തിരുത്തലുകള്‍ക്ക് വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്ക് അയക്കണമെന്നാണ് നിബന്ധന. കൊവിഡ് പശ്ചാത്തലത്തില്‍ തപാല്‍ സേവനങ്ങള്‍ ഏറെ വൈകുന്നതിനാല്‍ ഇത് വിദ്യാര്‍ഥികളുടെ പ്രവേശനത്തെ ബാധിക്കും. അതേസമയം തിരുത്തല്‍ സൗകര്യം ഇത്തവണ വേണ്ടെന്നുവെച്ചത് ദുരുപയോഗിക്കും എന്നതിനാലാണെന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം അഡ്മിഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. തെറ്റു തിരുത്താനുണ്ടെങ്കില്‍ അത് ഐ.സി.ടി സെല്ലിലേക്ക് ഇമെയില്‍ ചെയ്താല്‍ മതി. തെറ്റായ വിവരം നല്‍കിയതിന്റെ പേരില്‍ പ്രവേശനം നിരസിക്കപ്പെട്ട കുട്ടികള്‍ക്കെല്ലാം സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."