തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
അടിമാലി: നാശം വിതച്ച പ്രളയമൊഴിഞ്ഞതോടെ മലയോര കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.വിനോദ സഞ്ചാരമേഖലയും കാര്‍ഷിക മേഖലയും വ്യാപാര മേഖലയും ഒരേ പോലെ തകര്‍ന്നതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ വീടുകളില്‍ തിരികെയെത്തിയവരും കൃഷിനാശം സംഭവിച്ചവരുമെല്ലാം സാമ്പത്തിക ഞെരുക്കം നേരിടുന്നു.കാലവര്‍ഷക്കെടുതിയിലാകെ ജില്ലയില്‍ 11339.64 ഹെക്ടര്‍ സ്ഥലത്തെ കൃഷിനശിച്ചതായാണ് കണക്ക്. പക്ഷെ സര്‍ക്കാര്‍ കാര്‍ഷിക വായ്പക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ഗുണം ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കില്ല. കാര്‍ഷികേതര വായ്പകള്‍ എടുത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചവരാണ് ജില്ലയിലെ അധികം കര്‍ഷകരും.
കൂടുതല്‍ തുക ലഭിക്കുന്ന ബാങ്കുകളില്‍ നിന്നും സംഘങ്ങളില്‍ നിന്നുമെല്ലാം കര്‍ഷകര്‍ വായ്പ സ്വീകരിക്കാറുണ്ട്. ദേശസാല്‍ക്കൃത ബാങ്കുകള്‍,സ്വകാര്യ ബാങ്കുകള്‍,പ്രാഥമിക സഹകരണ സംഘങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മാത്രമല്ല വട്ടിപ്പലിശക്കാരില്‍ നിന്നുപോലും കര്‍ഷകര്‍ പണം കടം വാങ്ങി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചിലവഴിച്ചിട്ടുണ്ട്.
കാര്‍ഷിക വായ്പക്ക് മാത്രം മൊറട്ടോറിയം പ്രഖ്യാപിച്ചതു കൊണ്ടെങ്ങിനെ തങ്ങള്‍ കടക്കെണിയില്‍ നിന്നും കരകയറുമെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. ജില്ലയിലാകെ 61.64 കോടി രൂപയുടെ നഷ്ടം കാര്‍ഷിക മേഖലക്ക് മാത്രം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."