വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുമെന്ന് ധനമന്ത്രി
ചെങ്ങന്നൂര്‍ : പുനരധിവാസം പൂര്‍ണ്ണമാകുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിണറുകള്‍ ശുചീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ പമ്പുകള്‍ വാങ്ങണം. പഞ്ചായത്തുകളില്‍ ഗ്രുവല്‍ സെന്ററുകള്‍ ആരംഭിക്കണം. കിറ്റുകള്‍ തയ്യാറായ സാഹചര്യത്തില്‍ ഇവയുടെ വിതരണം സത്യസന്ധവും കൃത്യവുമാകണമെന്ന് മന്ത്രി പറഞ്ഞു.
പുനരധിവാസവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരിതബാധിതര്‍ക്കുള്ള കിറ്റുകള്‍ തയ്യാറായിട്ടുണ്ട്.കുടുംബശ്രീ വഴി വായ്പയെടുക്കുമ്പോള്‍ അവശ്യസാധനങ്ങള്‍ മാത്രം വാങ്ങുവാന്‍ ശ്രദ്ധിക്കണം.വെളളപ്പൊക്കത്തിനു ശേഷം തകര്‍ന്ന വീടുകളുടെ കണക്കും, എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് കൂടുതല്‍ എഞ്ചിനീയറുമാരേയും, എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെയും സഹായത്തോടെ പ്രത്യേക സംഘംരൂപീകരിക്കും.എലിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആശ വര്‍ക്കര്‍മാര്‍ എല്ലാ വീടുകളിലും എത്തി പ്രതിരോധ മരുന്നുകള്‍ നല്‍കുകയും ഡിസീസ് മാപ്പിംഗ് തയ്യാറാക്കുകയും ചെയ്യും.
നിയോജക മണ്ഡലതല ശുചീകരണം അഞ്ചാം തീയതി പൂര്‍ത്തിയാകും. ദുരിതബാധിതര്‍ക്ക് കൗണ്‍സിലിങ് ആരംഭിക്കും.യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി. വിശ്വംഭരപണിക്കര്‍, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ജി. വിവേക്, ടി.ടി ഷൈലജ, കെ.കെ രാധമ്മ, വി.കെ ശോഭ , ശിവന്‍കുട്ടി ഐലാരത്തില്‍, ഏലിക്കുട്ടി കുര്യാക്കോസ് ,വി വേണു.ജോജി ചെറിയാന്‍, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി. കോര, ചെങ്ങന്നൂര്‍ ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥന്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്ക്,തഹസീല്‍ദാര്‍ കെ ബി ശശി, ഡെപ്യുട്ടി തഹസീല്‍ദാര്‍ ജോബിന്‍ കെ ജോണ്‍, ജനപ്രതിനിധികള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."