ഉംറ പുനഃരാരംഭിക്കൽ മൂന്ന് ഘട്ടമായി, അന്തിമ പ്രഖ്യാപനം ഉടൻ
മക്ക: കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തി വെച്ച വിശുദ്ധ ഉംറ തീർത്ഥാടനം പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിലാക്കി. മൂന്ന് ഘട്ടമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയായിരിക്കും തീർത്ഥാടകരെ അനുവദിക്കുകയെന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ആദ്യ ഘട്ടത്തിൽ സഊദിക്കകത്തെ സ്വദേശികളുടെയും വിദേശികളെയും അനുവദിച്ചായിരിക്കും ഉംറ തീർത്ഥാടനം പുനഃസ്ഥാപിക്കുക. പൊതുജനത്തിന്റെ ആരോഗ്യമാണ് അതി പ്രധാനമെന്നും മൂന്ന് ഘട്ടമായി നിയന്ത്രണം നീക്കുന്നതിനുള്ള പഠനങ്ങൾ നടക്കുകയാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിൻതൻ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ സഊദിയിലെ സ്വദേശികൾക്കും വിദേശികൾക്കുമാണ് പ്രവേശനം അനുവദിക്കുക. ഉംറ തീർത്ഥാനത്തിന്റെ ആകെ ശേഷിയുടെ നാൽപത് ശതമാനമായിരിക്കും ഈ ഘട്ടത്തിൽ അനുവദിക്കുക. രണ്ടാം ഘട്ടത്തിൽ ഇത് എഴുപത്തിയഞ്ച് ശതമാനമായും മൂന്നാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി മുഴുവൻ ശേഷിയിലേക്കും ഉയർത്തും. മൂന്നാം ഘട്ടത്തിലാണ് വിദേശ ഉംറ തീര്ഥാടകരെയും അനുവദിക്കുക. മൂന്ന് ഘട്ടങ്ങളിലും ശക്തമായ ആരോഗ്യ മുൻകരുതൽ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്രാൻസിറ്റ് രാജ്യങ്ങളിലൂടെ വരുന്ന തീർഥാടകരുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനായി പഠനങ്ങൾ നടത്തേണ്ടത് ഉംറ കമ്പനികളാണ്. 80 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ആവശ്യമില്ലാതെ ഉംറയ്ക്കായി രാജ്യം സന്ദർശിക്കാമെന്നും വരും കാലങ്ങളിൽ രാജ്യങ്ങളുടെ എണ്ണം ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2019 ൽ 7.5 മില്യൺ വിദേശ ഉംറ തീർത്ഥാടകരും 6.4 മില്യൺ സഊദിയിലെ വിദേശ തീർത്ഥാടകരും 5.3 മില്ല്യൺ സഊദി ഉംറ തീർത്ഥാടകരും 1.2 മില്യൺ ജി സി സി ഉംറ തീർത്ഥാടകരും എത്തിച്ചേർന്നതായി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്‌ദുൽ ഫത്താഹ് മശാത്ത് അറിയിച്ചു. 2030 ഓടെ 30 മില്യൺ വാർഷിക ഉംറ തീർത്ഥാടകരെയാണ് സഊദി ലക്ഷ്യമിടുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും ഉംറക്കായി ഏജന്റ്, ഉംറ കമ്പനി എന്നിവ മാർഗ്ഗമായിരുന്നു ഉംറ വിസ കരസ്ഥമാക്കേണ്ടിയിരുന്നത്. എന്നാൽ, പ്രവേശന സംവിധാനം മെച്ചപ്പെടുത്തുന്നതിന് ണ് മന്ത്രാലയം നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."