HOME
DETAILS
MAL
അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
backup
September 22 2020 | 03:09 AM
ന്യൂഡല്‍ഹി: മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിന് മുന്നോടിയായി പുറത്തിറക്കിയ കരട് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.
കരട് വിജ്ഞാപനത്തിലെ അപാകതകളും ജനദ്രോഹപരമായ കാര്യങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി എം.പിമാരായ കെ.മുരളീധരനും എം. കെ രാഘവനും പാര്‍ലമെന്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരട് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി എം.പിമാരെ അറിയിച്ചു.
കോഴിക്കോട്, വടകര, വയനാട് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പതിമൂന്നോളം വില്ലേജുകളാണ് നിര്‍ദേശിക്കപ്പെട്ട പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നത്. കരട് വിജ്ഞാപനത്തില്‍ പറയുന്ന വലിയ തോതിലുള്ള ഖനനം, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായ സംരംഭങ്ങള്‍, എന്നിവ നിരോധിക്കുന്നതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജനവാസ മേഖലകളിലുള്ളവരെ സാരമായി ബാധിക്കുന്ന കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, രാത്രികാല ഗതാഗതം എന്നിവ തടയുന്ന നടപടിയെ ശക്തമായി എതിര്‍ക്കുന്നതായും എം.പിമാര്‍ മന്ത്രിയെ അറിയിച്ചു. ക്വാറികള്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ വിട്ടുവീഴ്ച ചെയ്ത് ജനവാസകേന്ദ്രങ്ങളില്‍ പരമാവധി ഭൂമി ഇതില്‍ ഉള്‍പ്പെടുത്തിയത് വ്യക്തമായ നടപടിക്രമങ്ങള്‍ പാലിച്ചോ സര്‍വേ നടത്തിയോ അല്ല. കേരള സര്‍ക്കാര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന പോലെ ഈ മേഖലകളിലെ ബാധിക്കപ്പെടുന്ന ജനസംഖ്യ വെറും പതിനായിരത്തില്‍ ഒതുങ്ങുന്നതല്ല.
ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രദേശത്തെ പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് വിദഗ്ധര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്നും എം.പിമാര്‍ വനം പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."