പനി വാര്‍ഡുകള്‍ നിറയുന്നു; രോഗികളെ ഉള്‍ക്കൊള്ളാനാകാതെ മെഡി. കോളജ് ആശുപത്രി
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന് വാര്‍ഡുകള്‍ പനിബാധിതരെ കൊണ്ട് നിറഞ്ഞുകവിയുന്നു.രോഗികളുടെ എണ്ണം അനിയന്ത്രിതമായതോടെ ചികിത്സിക്കാന്‍ പോലുമാകാതെ ഡോക്ടര്‍മാരും പരിചരിക്കാനാവാതെ നഴ്സുമാരും പ്രയാസപ്പെടുകയാണ്. എലിപ്പനിയോടൊപ്പം വിവിധ വൈറല്‍ പനികൂടി വ്യാപകമായതോടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
വാര്‍ഡുകള്‍ നിറഞ്ഞതോടെ വിവിധ വാര്‍ഡുകളിലായി ചികിത്സ തേടിയിരുന്ന എലിപ്പനി രോഗികളെ കൂട്ടത്തോടെ പ്രത്യേക വാര്‍ഡുകളിലേക്കു മാറ്റി. ഗുരുതരമായി പനി ബാധിച്ച് എത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ ഗുരുതരമല്ലാത്ത ഭൂരിഭാഗം മെഡിസിന് രോഗികളെയും കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
45 രോഗികള്‍ക്ക് മാത്രം കിടക്കാവുന്ന വാര്‍ഡുകളില്‍ 150ഓളം രോഗികളാണ് കിടക്കുന്നത്. ഇതു ചികിത്സയെ കാര്യമായി ബാധിച്ചിരുന്നു. എലിപ്പനി ബാധിച്ച് എത്തിയവരെയും മറ്റു രോഗികളെയും വാര്‍ഡുകളില്‍ ഒരുമിച്ചു കിടത്തിയത് ആശങ്കയുമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനി ബാധിതരെ ഐസൊലേഷന്‍ വാര്‍ഡിലേക്കും ജെറിയാട്രിക് വാര്‍ഡിലേക്കും മാറ്റിയത്. രോഗികള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ആശുപത്രി ലാബുകളില്‍നിന്ന് വൈകുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ആശുപത്രിക്കകത്തുള്ള 76, 77 ലാബുകളില്‍ നിന്നാണ് രോഗികള്‍ക്ക് അടിയന്തര പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കേണ്ടത്. എന്നാല്‍ ഇവിടെനിന്ന് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത് പതിവാണ്. വൈകുന്നതിന്റെ കാരണമന്വേഷിച്ചാല്‍ ജീവനക്കാരില്ല എന്ന മറുപടിയാണു ലഭിക്കുക. പനിബാധിതര്‍ ആശുപത്രിയില്‍ നിറഞ്ഞുകവിയുമ്പോള് ലാബുകളില്‍ ആവശ്യയത്തിനു ജീവനക്കാരെ നിയമിച്ച് രോഗികള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."