മക്കയില്‍ വീണ്ടും മലയാളി ഉംറ തീര്‍ത്ഥാടക സംഘം കുടുങ്ങി
മക്ക: മക്കയില്‍ വീണ്ടും മലയാളി ഉംറ തീര്‍ത്ഥാടക സംഘം കുടുങ്ങി. സ്വകാര്യ ഉംറ ഗ്രൂപ്പിലെത്തിയ 33 അംഗ സംഘമാണ് മക്കയില്‍ കുടുങ്ങിയത്. ഉംറക്കു ശേഷം നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്തവാളത്തിലെത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം തീര്‍ഥാടകര്‍ അറിഞ്ഞത്. യാത്ര മുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ കുടുങ്ങിയ ഇവര്‍ ഇപ്പോള്‍ കോണ്‍സുലേറ്റിന്റെയും കെ.എം.സി.സിയുടെയും ഇടപെടലില്‍ മക്കയില്‍ താല്‍ക്കാലിക താമസ സ്ഥലത്താണ്. എങ്കിലും എപ്പോള്‍ നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നോ മറ്റോ ഇവര്‍ക്ക് നിശ്ചയമില്ല. മടക്ക യാത്രാ ടിക്കറ്റ് തീര്‍ഥാടകരറിയാതെ റദ്ദാക്കപ്പെട്ടതാണ് യാത്ര മുടങ്ങാന്‍ കാരണം.
മലപ്പുറം മേലാറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സിയുടെ കീഴിലെത്തിയ തീര്‍ഥാടകരാണ് പെരുവഴിയിലായത്. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അക്ബര്‍ അലിയാണ് ഏജന്‍സി നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളില്‍നിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ആകെയുള്ള 84 പേരില്‍ മുപ്പത്തിനാല് പേരായിരുന്നു ഇന്നലെ ഉച്ചക്കുള്ള വിമാനത്തില്‍ മടങ്ങേണ്ടിയിരുന്നത്. ട്രാവല്‍ ഏജന്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് ചെയ്തെന്നാണ് എയര്‍ ലൈന്‍സുകള്‍ നല്കുന്ന വിശദീകരണം. ഇതേ ഏജന്‍സിക്കു കീഴില്‍ ഇവര്‍ക്കു ശേഷം എത്തിയ 50 ലേറെ പേര്‍ക്കും ഇതേ പ്രയാസമാണ് നേരിടാന്‍ പോകുന്നതെന്നും യാത്ര മുടങ്ങി മക്കയില്‍ കഴിയുന്നവര്‍ പറഞ്ഞു.
പ്രശ്നം വഷളായതോടെ നാട്ടിലേക്കു എത്രയും വേഗം മടക്കം സാധ്യമാക്കാമെന്നും ഉംറ തീര്‍ഥാടകരുടെ ചുമതലയുള്ള മക്കയിലെ ഏജന്‍സി ഉറപ്പു നല്‍കിയിട്ടുണ്ട്. നേരത്തെ മക്കയില്‍ താമസിക്കുന്നതിനിടെ പൈസ ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ ഹോട്ടലുടമയും ഇവരെ ഇറക്കിവിടാന്‍ ഒരുങ്ങിയിരുന്നു. പിന്നീട് ഇത് ഇടപെട്ടു പരിഹരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."