പുന്നാട് ബോംബേറ്; സി.പി.എം കൊടിമരം പിഴുതെറിഞ്ഞു
ഇരിട്ടി: പുന്നാട് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊടിമരങ്ങള്‍ നശിപ്പിച്ചതായും സി.പി.എം പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായും പരാതി. ഞായറാഴ്ച രാത്രി ഒന്‍പതോടെ പുന്നാട് അത്തപ്പഞ്ചയിലാണ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. അത്തപുഞ്ചയിലെ സി.പി.എം പ്രവര്‍ത്തകന്‍ പയോടിക്കല്‍ ഷാജിയുടെ പരാതിയില്‍ പ്രദേശത്തെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരായ അപ്പു എന്ന നിവേദ്(20), സുമേഷ്(32), വിഷ്ണു(28), വിനീഷ്(29), ശങ്കു എന്ന വിജില്‍(30) എന്നിവര്‍ക്കെതിരേ ഇരിട്ടി പൊലിസ് കേസെടുത്തു. സ്‌ഫോടനം നടന്ന പ്രദേശത്തുള്‍പ്പെടെ ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ ഡോഗ്, ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് പൊലിസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇരിട്ടി സി.ഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സംയുക്ത യോഗത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കാനും പൊതുസ്ഥലത്തും പാതയോരത്തും സ്ഥാപിച്ച കൊടികളും പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും നീക്കംചെയ്യാനും തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."