ബോധമില്ലാതെ 40 മിനുട്ട് വിമാനം പറത്തി ആസ്‌ത്രേലിയന്‍ പൈലറ്റ്
കാന്‍ബറ: 5,500 അടി ഉയരത്തിലൂടെ വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ബോധം നഷ്ടപ്പെടുക. ഓട്ടോപൈലറ്റ് മോഡിലേക്കു മാറിയ വിമാനം അലസമായി അന്തരീക്ഷത്തിലൂടെ പറന്നുനടന്ന് താഴെയിറങ്ങുക. സിനിമയിലല്ല, ആസ്‌ത്രേലിയയില്‍ നടന്ന ഈ സംഭവത്തിലെ കഥാപാത്രം പരിശീലന പൈലറ്റ്. വേദിയായത് അഡിലൈഡ് വിമാനത്താവളത്തിന്റെ വ്യോമപരിധി.
മാര്‍ച്ച് 9ന് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവിട്ടിരിക്കുന്നത് ആസ്‌ത്രേലിയന്‍ ഗതാഗത സുരക്ഷാ വിഭാഗമാണ്. വിമാനം പറത്തിയ ട്രെയിനി പൈലറ്റ് തലേദിവസം രാത്രി വേണ്ടത്ര ഉറങ്ങിയിരുന്നില്ല. ഭക്ഷണവും കഴിച്ചിരുന്നില്ല. നേരിയ ജലദോഷവുമുണ്ടായിരുന്നു. തലവേദനയും. വിമാനം പറത്തുന്നതിനു മുന്‍പ് ഒരു ചോക്കലേറ്റ് കഷണവും എനര്‍ജി ഡ്രിങ്കും അല്‍പം പച്ചവെള്ളവും മാത്രം കഴിച്ചാണ് കക്ഷി കോക്പിറ്റില്‍ കയറിയത്. വിമാനത്തില്‍ കൂടെ ആരുമുണ്ടായിരുന്നില്ല. അഗസ്ത വിമാനത്താവളത്തില്‍ നിന്ന് പാരഫീല്‍ഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു യാത്ര.
വിമാനം 5,500 അടി ഉയരത്തിലെത്തിയപ്പോള്‍ തലവേദന കൂടി പൈലറ്റിന് ബോധം നഷ്ടമായി. വിമാനം ഓട്ടോപൈലറ്റ് മോഡിലേക്കു മാറി. പിന്നെ ഒരു മുന്നറിയിപ്പുമില്ലാതെ രാവിലെ 11 മണിയോടെ വിമാനം അഡിലൈഡ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു.
പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ച കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്ക് നിരാശയായിരുന്നു ഫലം. ഈ സമയത്ത് തൊട്ടപ്പുറത്ത് മറ്റൊരു വിമാനം നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ഭാഗ്യത്തിന് അപകടമൊന്നുമുണ്ടായില്ല. ഈ സംഭവത്തെ തുടര്‍ന്ന് പൈലറ്റാവാന്‍ പരിശീലനം നടത്തുന്നവര്‍ ആവശ്യത്തിന് ഉറങ്ങി മാത്രമേ വരാവൂവെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."