ഖുര്‍ആനിന്റെ അപൂര്‍വ ശേഖരവുമായി എ. അബ്ദുല്‍ റഹീം
ചാലിയം: ചെറുതും വലുതുമായ ഖുര്‍ആന്‍ പ്രതികള്‍, വ്യത്യസ്ത ലിപികളിലുള്ള ഖുര്‍ആന്‍, വിവിധ ഖുര്‍ആന്‍ പരിഭാഷകള്‍, കാഴ്ച പരിമിതര്‍ക്ക് വായിക്കുവാന്‍ കഴിയുന്ന ബ്രയില്‍ ഖുര്‍ആന്‍, ആയത്തുകളും ഹദീസുകളും അര്‍ത്ഥവും പറയുന്ന ഖുര്‍ആന്‍ പേന തുടങ്ങി ഖുര്‍ആനിന്റെ വൈവിധ്യ ശേഖരവുമായി എ. അബ്ദുള്‍ റഹീം. ചാലിയം ഗവ. ഫിഷറീസ് സ്‌കൂള്‍ അറബി അധ്യാപകന്‍ എ.അബ്ദുല്‍ റഹീമിന്റെ പക്കലാണ് വിവിധ ഖുര്‍ആന്‍ ശേഖരമുള്ളത്. പൈതൃക സംരക്ഷണത്തോടൊപ്പം പുതുതലമുറക്ക് അറിവ് പകര്‍ന്നു നല്‍കല്‍ കൂടിയാണ് അബ്ദുല്‍ റഹീം മാസ്റ്ററുടെ ലക്ഷ്യം. 3 സെ.മീ നീളവും 2 സെ.മീ വീതിയുമുള്ള ചെറിയ ഖുര്‍ആന്‍ ശേഖരണത്തിലെ കൗതുകമുള്ളതാണ്. അറബി ഭാഷാ ചരിത്രം, എഴുത്തുകാര്‍, കവികള്‍, പ്രതിഭാശാലികള്‍, അറബി സാഹിത്യം, സ്വദേശത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍, ഭാഷാ പ0ന കോഴ്‌സുകള്‍, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങള്‍, വിവിധ കോഴ്‌സുകള്‍ നടത്തുന്ന കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നല്‍കുന്ന എക്‌സിബിഷനുകള്‍ ഒരുക്കി വരികയാണ് റഹീം.
അറബി ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ചാര്‍ട്ടുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, കാലിഗ്രാഫികള്‍, മത സൗഹാര്‍ദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തലങ്ങള്‍, യമന്‍, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ നാണയങ്ങള്‍, അമരിക്ക, ബ്രിട്ടന്‍, ഇന്തോനേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളിലുള്ള കറന്‍സികള്‍, അറബി, ഉറുദു, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പത്രങ്ങള്‍, വിവിധ നാടുകളിലെ സ്റ്റാംപുകള്‍ എന്നിവയും അബ്ദുല്‍ റഹീമിന്റെ ശേഖരത്തിലുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രചിച്ച മജ്‌ലിസുന്നൂര്‍ ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങള്‍ ബ്രയില്‍ ലിപിയിലേക്ക് പകര്‍ത്തുവാന്‍ സഹായിച്ച അബ്ദുല്‍ റഹീം സംസ്ഥാന തല അധ്യാപക കലാ സാഹിത്യ മത്സരങ്ങളില്‍ പ്രതിഭയാണ്.
എസ്.ആര്‍.ജി, ഡി.ആര്‍.ജി, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, ഫറോക്ക് ഉപജില്ലാ അറബി അക്കാദമിക് കോംപ്ലക്‌സ് സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് ജില്ലാ ട്രഷറര്‍, എക്‌സ്‌പോ വിംഗ് കണ്‍വീനര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചുവരുന്നു. അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ പ്രതിപാദിക്കുന്ന 'അല്‍അറബിയ്യ അറബി ഭാഷാ പഠന വഴികാട്ടി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. പരേതനായ ആരോടി മുഹമ്മദിന്റയും ആമിനയുടേയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് അബ്ദുല്‍ ഹസീബ്, മുഹമ്മദ് ഹാശിം, ഫാത്തിമഹനീന, ഹയാ മെഹര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."