ഡാമിനും ഭീഷണി; ശിരുവാണിയില്‍ മണ്ണിടിഞ്ഞു താഴ്ന്ന് റോഡുകള്‍ തകര്‍ന്നു
പാലക്കാട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശിരുവാണിയില്‍ മണ്ണിടിഞ്ഞു താഴ്ന്ന് റോഡുകള്‍ തകര്‍ന്നു. ശിങ്കമ്പാറ ആദിവാസി കോളനിമുതല്‍ കേരളാമേട് വരെയുള്ള അഞ്ച്്് കിലോമീറ്റര്‍ റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. പലഭാഗത്തും പാര്‍ശ്വ ഭിത്തികള്‍ വിണ്ട് പൊട്ടിയിട്ടുമുണ്ട്.
അന്തര്‍ സംസ്ഥാന നദീജല കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് കുടിവെള്ളം നല്‍കുന്നതിനായി നിര്‍മ്മിച്ച ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. അഞ്ച് കിലോമീറ്ററോളം റോഡ് പലഭാഗത്തായി പൊട്ടി ഇടിഞ്ഞു പത്ത് അടിയോളം താഴ്ന്നിട്ടുണ്ട്. വാഹന ഗതാഗതം പോലും സാധ്യമല്ല. കേരളമേടിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കിലോമീറ്ററുകള്‍ നടന്നു വേണം ഇവര്‍ക്ക് കേരളമേട് ഫോറസ്റ്റ് ഓഫീസില്‍ എത്താന്‍. വനത്തിന്റെ ഉള്‍ഭാഗത്തും പലയിടങ്ങളിലും മണ്ണിടിഞ്ഞ് താഴ്ന്നതായി സംശയിക്കുന്നു. വനത്തില്‍ എവിടെയൊക്കെ മണ്ണിടിഞ്ഞു താഴ്ന്നിട്ടുണ്ടെന്നും ഉരുള്‍പ്പൊട്ടിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ശിങ്കമ്പാറ ആദിവാസി കോളനിയിലെ വീടുകളില്‍ കഴിയുന്നവരും ഭീതിയിലാണ്.
അസുഖം വന്നാല്‍ പോലും പുറം ലോകത്ത് എത്തിക്കാനോ ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. ശിരുവാണി വനമേഖലയില്‍ ഉണ്ടായിട്ടുള്ള മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും പ്രദേശ വാസികളുടെ ഭീതിയകറ്റണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. കല്ലടിക്കോട് എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."