വ്യാജ റവന്യൂ രേഖകള്‍ തയാറാക്കുന്നതില്‍ അബു വിദഗ്ധന്‍
ആലുവ: ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ പിടിയിലായ അബു റവന്യൂ രേഖകള്‍ തയാറാക്കുന്നതില്‍ അതിവിദഗ്ധന്‍. റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ തയാറാക്കി പരിചയമുള്ള അബു ലാന്‍ഡ് റവന്യൂ കമ്മിഷനറുടെ ഉത്തരവ് തിരുവനന്തപുരത്തെ ഡി.ടി.പി സെന്ററില്‍ വച്ച് തയാറാക്കി. ഈ ഉത്തരവ് അരുണിന്റെ കൈവശം കൊടുത്തു വിട്ടു. അരുണ്‍ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ ഓഫിസിനകത്ത് കൊണ്ട് പോയി ഓഫിസ് സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും വച്ച് തിരികെ കൊടുക്കുകയായിരുന്നു. സൂപ്രണ്ട് ഉച്ചയൂണിനായി പുറത്ത് പോയ തക്കം നോക്കിയാണ് അരുണ്‍ സീലുകള്‍ പതിപ്പിച്ചത്. വ്യാജ ഉത്തരവ് ചൂര്‍ണിക്കര വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും കൊടുത്തു.
എന്നാല്‍ നേരായ മാര്‍ഗത്തിലൂടെയല്ലാതെ എത്തിയ ഉത്തരവ് വില്ലേജ് ഓഫിസില്‍ നിന്ന് മടക്കി. ആര്‍.ഡി.ഒയുടെ ഉത്തരവ് വേണമെന്ന് അറിയിച്ചു. അത് ലഭിക്കില്ലെന്ന് അറിയാമായിരുന്ന അബു ഇതിന്റയും വ്യാജരേഖ തയാറാക്കുകയായിരുന്നു. ആര്‍.ഡി.ഒയുടെ ഒരു ഉത്തരവ് പറവൂരിലെ ഒരു ഡി.ടി.പി സെന്ററില്‍ വച്ച് തയാറാക്കി. കൈവശമുണ്ടായിരുന്ന ഒരു പഴയ ഉത്തരവിലെ ഡിജിറ്റല്‍ സിഗ്‌നേചര്‍ വെട്ടി ഒട്ടിച്ച് വീണ്ടും അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്താണ് രേഖ നിര്‍മിച്ചത്. വില്ലേജ് ഓഫിസില്‍ ഇത് നല്‍കിയെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജരേഖയാണെന്ന് ഓഫിസര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് മേലധികാരികളെ വിവരം അറിയിച്ചു.
അവര്‍ പൊലിസില്‍ പരാതി നല്‍കിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."