പ്രളയം: പഠിച്ച പാഠങ്ങളും പഠിക്കാത്ത പാഠങ്ങളും
നൂറ്റാണ്ടിലൊരിക്കല്‍ പ്രകൃതി ചില പ്രഹരങ്ങള്‍ നല്‍കുമെന്ന് ചിലര്‍ പറഞ്ഞുവച്ചിട്ടുണ്ട്.
1924 നു ശേഷം കേരളം വലിയൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടിവന്നു. പ്രളയത്തിന്റെ ശക്തി താങ്ങാനാവാത്തവിധം ഭൂമിയെ ദുര്‍ബലപ്പെടുത്തിയവരില്‍ അധികവും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചില്ല. പ്രളയവും അവസരമാക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങളും വിചാരണക്കു വന്നില്ല.
സുമാര്‍ 20 ലക്ഷം പേരെയെങ്കിലും പ്രളയം നേരിട്ടു ബാധിച്ചു. ഇവരെ സഹായിക്കാന്‍ കരുണവറ്റാത്ത മനസുള്ളവരുണ്ടായതു പട്ടിണിയില്ലാതാക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. വില പിടിച്ചു നിര്‍ത്തിയതും പൂഴ്ത്തിവയ്പു തടയാനായതും ഇതുകൊണ്ടു കൂടിയാണ്. സഹായം പിടിച്ചുപറിച്ചും കൊടിനാട്ടിയും രാഷ്ട്രീയക്കണക്കു പുസ്തകത്തില്‍ വരവുവയ്പിക്കാന്‍ ശ്രമിച്ചവരും സ്വന്തക്കാര്‍ക്കു നല്‍കാന്‍ ലിസ്റ്റ് പോക്കറ്റിലിട്ടു നടന്നവരും നാണക്കേടായി.
പ്രളയമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ രണ്ടു പാഠങ്ങളാണു നല്‍കുന്നത്. ഒന്ന്: അധര്‍മം പരിധി വിട്ടു വളര്‍ന്നാല്‍ പ്രകൃതി ഒരു കൊട്ടു കൊടുക്കും. രണ്ട്: അനിയന്ത്രിത മനുഷ്യനെ തിരുത്താന്‍ ഒരവസരമൊരുക്കും.
പോയകാലങ്ങളിലും പ്രളയവും ഭൂമികുലുക്കവും മഹാവ്യാധികളും ക്ഷുദ്രജീവികളുടെ പെരുപ്പവും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ എല്ലാം മറക്കുന്ന ജനത അധര്‍മകാരികളായി വളരുമെന്നതാണു ചരിത്രം. ധര്‍മം ക്ഷയിച്ചാല്‍ ദൈവം അവതരിക്കുമെന്നാണ് ഭഗവത്ഗീത പറയുന്നത്.
'യദാ യദാഹി ധര്‍മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം'
നിശ്ചയമായും ഒരു ദൈവിക ഇടപെടല്‍ ഇല്ലാതെ വന്നാല്‍ മനുഷ്യര്‍ വഴിമാറുമെന്നുറപ്പ്. പണത്തോടുള്ള ആര്‍ത്തി പ്രളയ മുഖത്തും പ്രകടിപ്പിക്കാതിരുന്നില്ല. ഏതു പരീക്ഷണത്തിലും കുലുങ്ങാത്ത കുറെയധികം മനുഷ്യരുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവര്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല. പകല്‍ക്കൊള്ളയും തട്ടിപ്പറിയും മറ്റെന്താണു പറഞ്ഞുതരുന്നത്.
നന്മയുടെ ഉറവ വറ്റാത്ത ഉദാരതയുടെ പ്രവാഹങ്ങളുമുണ്ടായി. മലവെള്ളപ്പാച്ചിലിനേക്കാള്‍ സഹായപ്രവാഹം മറ്റെന്താണു നല്‍കുന്ന പാഠം.
കണ്ണു തുറക്കാത്തവര്‍
ആഹാരവും വസ്ത്രങ്ങളും മറ്റുമായി ആശ്വാസകേന്ദ്രങ്ങളിലേക്കു നിരയായി വന്ന വാഹനങ്ങള്‍, എന്തിനും തയാറായ മനുഷ്യര്‍, രാവും പകലും പണിയെടുത്ത ഉദ്യോഗസ്ഥര്‍... അങ്ങനെ എത്രപേര്‍. ഇതൊന്നും കാണാന്‍ കണ്ണില്ലാതെ പോയവര്‍ ഇന്ത്യയുടെ ശാപമാണ്.
തെരഞ്ഞെടുപ്പു വിജയത്തിന്റെ കണക്കു നോക്കി സാധ്യതകള്‍ പരിശോധിച്ചു ഫണ്ടു ശേഖരിക്കാനോ സ്വീകരിക്കാനോ തടസങ്ങളുണ്ടോയെന്ന ഗവേഷണത്തിലേര്‍പ്പെട്ട ആര്‍.എസ്.എസ്സിനെ പരസ്യവിചാരണക്കു വിധേയമാക്കിയാല്‍ മാത്രം മതിയാവില്ല. പരിഷ്‌കൃത ഭാരതം അവരെ ഒറ്റപ്പെടുത്തുക തന്നെ വേണം.
യു.എ.ഇ അടക്കം വിദേശരാജ്യങ്ങള്‍ സഹായ വാഗ്ദാനവുമായി വന്നപ്പോള്‍ എന്തിനു ഞെട്ടണം, നെറ്റിചുളിയണം. 35-40 കോടി ജനം പട്ടിണി കിടക്കുന്ന ഭാരതത്തിന്റെ ഭരണാധികാരികള്‍ ലജ്ജിക്കേണ്ടത് ഈ പട്ടിണിപ്പാവങ്ങളെയോാര്‍ത്താണ്. ഇന്ത്യാ ഗവണ്‍മെന്റ് 600 കോടി രൂപ വാഗ്ദാനം ചെയ്തപ്പോള്‍ യു.എ.ഇ 700 കോടിയാണു പ്രഖ്യാപിച്ചത്.
മോദിയുടെ പട്ടാളച്ചെലവും അവര്‍ തരുന്ന അരിയുടെ വിലയും കഴിച്ചാല്‍ 600 ല്‍ പിന്നെന്തു മിച്ചം. പട്ടാളത്തിനു താമസം, ഭക്ഷണം, യാത്ര, പിന്നെ ദിവസവും മൂന്നരലക്ഷം രൂപയും കൊടുക്കണം. എങ്കിലും പട്ടാളത്തിന്റെ മഹത്തായ സേവനം മഹത്തരവും ഫലപ്രദവുമായിരുന്നു.
2021 ഓടെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണു വിദഗ്ധാഭിപ്രായം. ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൊടുക്കാന്‍ വായ്പയെടുക്കേണ്ടിവരും. ഈ ഘട്ടത്തിലാണു പ്രളയദുരന്തം. ഒരു കൈത്താങ്ങിനു പകരം തടയുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാടു ദുഃഖകരമാണ്. പക തീര്‍ക്കാനുള്ള സമയമാണോ ഇത്. കേരളം ഇന്ത്യയുടെ ഭാഗമല്ലേ. ആര്‍.എസ്.എസ് കാര്യാലയങ്ങളാണോ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
പഠിക്കാത്തവരുടെ കൈപ്പുസ്തകം
ഒരിഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ ഒരു വ്യാഴവട്ടക്കാലമെടുക്കും. ലവണാംശങ്ങളുള്ള മണ്ണ് പ്രളയം കുത്തിയൊലിച്ചു കൊണ്ടുപോയി. രണ്ടടി മേല്‍മണ്ണു രൂപപ്പെടാന്‍ ഇനി എത്ര വര്‍ഷങ്ങള്‍ കാക്കണം. ആരോഗ്യമില്ലാത്ത മണ്ണില്‍ എന്തു കൃഷിയാണ് ഇറക്കാനാവുക. സര്‍ക്കാര്‍ പ്രാഥമികമായി തയാറാക്കിയ കണക്കനുസരിച്ച് നഷ്ടം ഇരുപതിനായിരം കോടിയാണ്. ഇതിന്റെ അനേകയിരട്ടിയാണ് യഥാര്‍ഥ നഷ്ടം.
ഇന്ത്യയില്‍ പ്രളയസാധ്യതയുള്ള ആറു സംസ്ഥാനങ്ങളിലൊന്നാണു കേരളം. കാലവര്‍ഷം നന്നായി അനുഭവപ്പെടുന്ന പ്രദേശവുമാണ്. ജലനയം, ഡാം നയം, ഭവന നയം ഇതൊക്കെ ഇനി എന്നാണുണ്ടാവുക. പഠനങ്ങള്‍ നടത്താതെ നടപ്പിലാക്കിയ പദ്ധതികളാണു കാലനായി അവതരിച്ചത്.
തിരുത്താന്‍ തയാറാവണം
സംസ്ഥാനത്തെ ഒരു മന്ത്രിയെ പോറ്റാന്‍ 25 സ്റ്റാഫ്, ശമ്പളം, അലവന്‍സ്, യാത്ര, ഭക്ഷണം എല്ലാംകൂടി നാലുകോടി രൂപ വര്‍ഷം വേണം. പെന്‍ഷന്‍ കൂടി കണക്കാക്കിയാല്‍ കോടികള്‍ വീണ്ടും കൂടും. പല ഉദ്യോഗസ്ഥരുടെയും അവസ്ഥ മറിച്ചല്ല. ഭരണച്ചെലവു നിയന്ത്രിക്കണം. പാഴ്‌ച്ചെലവും അമിതച്ചെലവും ഒഴിവാക്കണം.
രാഷ്ട്രപതി പാര്‍ക്കുന്നത് ഒരു കൊട്ടാരലോകത്താണ്. കൊളോണിയല്‍ ജീര്‍ണതകള്‍ ഒന്നുപോലും മാറ്റാനായിട്ടില്ല. നിയമം വ്യാഖ്യാനിച്ചു വിധിക്കുന്ന ജഡ്ജിമാരുടെ കഥയും മറ്റൊന്നല്ല. അര മന്ത്രിക്കു പണിയില്ലാത്ത വകുപ്പില്‍ പോലും രണ്ടു മന്ത്രിമാരാണിപ്പോള്‍. എം.എല്‍.എ, എം.പിമാര്‍ക്കും മലവെള്ളപ്പാച്ചില്‍ പോലെ പണമൊഴുക്കാനുണ്ട്.
പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇവിടെ മാതൃകയാവുന്നു. പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ പാര്‍ക്കുന്നില്ല. പ്രധാനമന്ത്രിയുടെ 80 കാറുകളില്‍ 78 ഉം ഉപേക്ഷിച്ചു രണ്ടാക്കി ചുരുക്കി. 540 പരിചാരകരില്‍ 538ഉം പിരിച്ചയച്ചു രണ്ടിലൊതുക്കി. പ്രളയം നോക്കാന്‍ പറന്ന പണവും, വാങ്ങിയ അലവന്‍സുകളും പുനഃപരിശോധിക്കപ്പെടണം. ചെളി നിറഞ്ഞ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും മനസും വൃത്തിയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."