പുതിയ ഊര്‍ജ ഉല്‍പാദന മാര്‍ഗം ആവിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചു: മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ചെറുകിട വൈദ്യുതി ഉല്‍പാദന യൂനിറ്റുകളെല്ലാം നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അതുകൊണ്ടുതന്നെ പുതിയ ഊര്‍ജ ഉല്‍പാദന മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മന്ത്രി എം.എം മണി. എറണാകുളം ഹോട്ടല്‍ പ്രസിഡന്‍സിയില്‍ സംഘടിപ്പിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവര്‍ക്കും വൈദ്യുതി എന്നതാണ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം. ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ ഹൗസ് സ്ഥാപിക്കുന്നതിനായുള്ള പഠനങ്ങള്‍ നടന്നുവരികയാണ്.
ഇതുവരെയുള്ള സാധ്യതാ പഠനങ്ങള്‍ അനുകൂലമാണ്. വൈകാതെ രണ്ടാം പവര്‍ ഹൗസിനായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പവര്‍ ഹൗസുകളുടെ സേവനം രാത്രി മാത്രവും പകല്‍ സമയത്ത് സൗരോര്‍ജ വൈദ്യുതിയും പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ആവശ്യമായ വൈദ്യുതിയുടെ മുപ്പത് ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. ഇതിന് മാറ്റംവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന്‍ പ്രസിഡന്റ് ടോജോ ജേക്കബ് അധ്യക്ഷനായി. ചടങ്ങില്‍ അസോസിയേഷന്‍ തയാറാക്കിയ സുരക്ഷാഗാനം മന്ത്രി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."