കാപ്പ പിന്‍വലിച്ചു: നാടുകടത്തലിന് വിരാമം
കണ്ണൂര്‍: ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമായ കാപ്പയെന്ന കരിനിയമം പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് ജില്ലയിലെ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജില്ലയിലെ പൊലിസ് മേധാവികള്‍ക്ക് കാപ്പ പ്രകാരം രാഷ്ട്രിയക്കാര്‍ക്കെതിരെ കേസെടുക്കേതില്ലെന്ന നിര്‍ദേശം നല്‍കിയത്. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍പ്പോലും രാഷ്ട്രീയ പ്രവര്‍ത്തകരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രവിന്‍ഷ്യന്‍ ആക്‌ടെന്നറിയപ്പെടുന്ന കാപ്പയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
പ്രത്യേക ഉത്തരവിറക്കാതെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്കു ശല്യമായ ഗുണ്ടകള്‍ക്കെതിരെ ചുമത്തേണ്ട നിയമം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി വീഡിയോകോണ്‍ഫറന്‍സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം അഞ്ച് അക്രമകേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് സാധാരണ കാപ്പ കേസുകളില്‍ ഉള്‍പ്പെടുത്തുന്നത്.
ഇതില്‍ രണ്ടു കേസുകളില്‍ പരാതിക്കാര്‍ പൊലിസുകാരായിരിക്കരുതെന്ന നിബന്ധനയുമുണ്ട്. ഇത്തരത്തില്‍ കാപ്പയില്‍ ഉള്‍പ്പെട്ടവരെ നാടുകടത്താറാണ് പതിവ്. നേരത്തെ നിരപരാധികളെ കാപ്പയില്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്യുന്നുവെന്നാരോപിച്ചു സി.പി.എം പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ കാപ്പനിയമം പിന്‍വലിച്ചത് കണ്ണൂരിലെ അക്രമരാഷ്ട്രിയത്തിന് വളമാകുമെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."