ഭോപാല്‍ ഇരകളോട് ബിജെപി സര്‍ക്കാരും ചെയ്തത് നീതികേട്: ദുരന്തബാധിതരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടന
ഭോപാല്‍: ഭോപാല്‍ വാതകദുരന്ത ഇരകളോട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാത്രമല്ല ബിജെപി സര്‍ക്കാരും ചെയ്തത് നീതികേടെന്ന് ഭോപാല്‍ ദുരന്തബാധിതരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടന. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും തങ്ങളോട് നീതികേട് കാണിച്ചതായി ഭോപാല്‍ ഇരകളുടെ നീതിക്കായി പോരാടുന്ന ഇന്റര്‍നാഷനപാല്‍ കാംപയിന്‍ ഫോര്‍ ജസ്റ്റിസ് ഇന്‍ ഭോപാല്‍ അഭിപ്രായപ്പെട്ടതായി ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപോര്‍ട്ട് ചെയ്തു. 'വാതകദുരന്തമുണ്ടായി 34 വര്‍ഷം കഴിഞ്ഞിട്ടും ഭോപാല്‍ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടു. ലോകത്തിലെ ഏറ്റവും മോശം വാതകദുരന്തത്തിലെ ഇരകള്‍ക്ക് നീതിയും അന്തസോടെയുള്ള ജീവിതവും നിഷേധിക്കുകയും യുഎസ് ബഹുരാഷ്ട്ര കുത്തകയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളേക്കാളും ഒരുപടി മുന്നിലാണ് ബിജെപി സര്‍ക്കാരെന്നും' ഇന്റര്‍നാഷനല്‍ കാംപയിന്‍ ഫോര്‍ ജസ്റ്റിസ് ഇന്‍ ഭോപാല്‍ വ്യക്തമാക്കി.
വാതക ദുരന്ത ഇരകള്‍ക്ക് ആര് 'ന്യായ്' (നീതി) നല്‍കിയെന്ന് ഭോപാലില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ചോദിച്ചിരുന്നു. കോണ്‍ഗ്രസിനെ ലക്ഷ്യംവച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അടിസ്ഥാന വേതന പദ്ധതിയുടെ പേരാണ് ന്യായ് എന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ഇത്തരമൊരു പരാമര്‍ശമുണ്ടായത്.
1984 ഡിസംബറിലായിരുന്നു ഭോപാല്‍ വാതകദുരന്തമുണ്ടായത്. ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡ് കീടനാശിനി നിര്‍മാണ ഫാക്ടറിയില്‍നിന്നു ചോര്‍ന്ന വിഷപ്പുക ശ്വസിച്ചതിനെത്തുടര്‍ന്ന് 3787 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷത്തിലധികം പേര്‍ മാരകരോഗികളാവുകയും ചെയ്തു.
ഭോപാല്‍ ഇരകളെ പുനരധിവസിപ്പിക്കാനോ അവര്‍ക്കായി ആരോഗ്യ പദ്ധതികള്‍ ആരംഭിക്കനോ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലെന്ന് ഇന്റര്‍നാഷനല്‍ കാംപയിന്‍ ഫോര്‍ ജസ്റ്റിസ് ഇന്‍ ഭോപാല്‍ വ്യക്തമാക്കി. 2010ല്‍ 2500 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 40 കോടി രൂപ പാസായിരുന്നു. എന്നാല്‍ ഇത് ദുരന്തനിവാരണ- പുനരധിവാസ ഫണ്ടിലേക്ക് കൈമാറിയില്ല. പിന്നീട് 2016ല്‍ ദുരന്തബാധിതരെ പ്രധാന്‍ മന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി ഇവര്‍ക്കുള്ള വീടിനായുള്ള പുതിയ അപേക്ഷ ക്ഷണിച്ചു. അതിലൂടെ 2010ല്‍ അനുവദിച്ച 40 കോടി സംസ്ഥാന സര്‍ക്കാര്‍ മറ്റു പദ്ധതികള്‍ക്കായി വകമാറ്റിചിലവഴിച്ചെന്ന് വ്യക്തമാണ്. ദുരന്ത ബാധിതര്‍ക്കുള്ള തുക വകമാറ്റി ചിലവഴിക്കാന്‍ 2018ല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തത്വത്തില്‍ ധാരണയിലെത്തുകയും ചെയ്തു. ഇപ്പോള്‍ 2019 മെയ് ആയി, വീട് നിര്‍മിച്ചുനല്‍കാനായി ആദ്യം കണ്ടെത്തിയവര്‍ക്കായി ഇതുവരെ ഒരു വീടുപോലും നിര്‍മിക്കപ്പെട്ടിട്ടില്ലെന്നും സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."