പ്രതിസന്ധിക്കിടയിലും അവിഷ്ണ നേടിയത് തിളക്കമാര്‍ന്ന വിജയം
നാദാപുരം: പുസ്തകം തുറന്നാല്‍ തെളിഞ്ഞുവരിക സഹോദരന്റെ മുഖമായിരുന്നു. പിന്നെ അമ്മയുടെ നീതി തേടിയുള്ള അലച്ചില്‍. അതിലേറെ വേദന, കൂടെയുണ്ടെന്നു കരുതിയവര്‍ കൈവിട്ടപ്പോഴും. ഇതൊക്കെയായിരുന്നു അവിഷ്ണയുടെ പരീക്ഷാകാലം. എന്നിട്ടും അവിഷ്ണ എഴുതി നേടി. തിളക്കമാര്‍ന്ന വിജയം.
പ്രതിസന്ധിക്കിടയിലും ഏഴു എ പ്ലസും രണ്ടു എഗ്രേഡും ഒരു സി പ്ലസും നേടിയാണ് അവിഷ്ണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തന്റെ മികവ് തെളിയിച്ചത്. സഹോദരന്‍ ജിഷ്ണു പ്രണോയിയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് മോചിതയാകുന്നതിന് മുന്‍പ് ആയിരുന്നു ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ എത്തിയത്.
പ്രതിസന്ധിക്കു നടുവില്‍ പരീക്ഷ എത്തിയപ്പോള്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. സഹോദരന്റെ മരണത്തെ കുറിച്ചുള്ള നടുക്കുന്ന ഓര്‍മകളും വീട്ടിലെ സന്ദര്‍ശകരുടെ തിരക്കും കാരണം വേണ്ട രീതിയില്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കാന്‍ അവിഷ്ണയ്ക്കായിരുന്നില്ല. ഇതിനിടയില്‍ മനസില്‍ സൂക്ഷിച്ചു വച്ച ഗൃഹപാഠവുമായാണ് അവിഷ്ണ വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍ പരീക്ഷക്കെത്തിയത്.
സഹപാഠിയുടെ പിതാവും തന്റെ അധ്യാപകനുമായ ചന്ദ്രന്റെ നിരന്തര പ്രോത്സാഹനമാണ് ആത്മവിശ്വാസം നല്‍കിയതെന്ന് അവിഷ്ണ പറഞ്ഞു. ഒടുവില്‍ പഠിത്തത്തില്‍ ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന അവിഷ്ണ അധ്യാപകരുടെ സഹായത്തോടെ ജ്യേഷ്ഠന്റെ പാത പിന്തുടര്‍ന്നു മികച്ച നിലവാരം നേടാന്‍ പ്രതിജ്ഞ എടുക്കുകയായിരുന്നു. പരീക്ഷയിലെ വിജയം ഈ നിശ്ചയദാര്‍ഢ്യം ഉറപ്പിക്കുന്നതായി.
ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു കുടുംബത്തിന് ആഘാതം ഏല്‍പ്പിച്ചുകൊണ്ടു തന്റെ സഹോദരന്റെ ദാരുണ മരണം സംഭവിച്ചത്. അന്നുമുതല്‍ അമ്മ മഹിജയും അവിഷ്ണയും വീട്ടില്‍ ഭക്ഷണം പോലും കഴിക്കാതെ കിടപ്പിലായിരുന്നു.
പരീക്ഷ കഴിഞ്ഞു ദിവസങ്ങള്‍ക്കു ശേഷം മാതാവ് മഹിജ തിരുവന്തപുരത്തും ആവിഷ്ണ വീട്ടിലും ആരംഭിച്ച നിരാഹാര സമരം കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു.
പ്ലസ്ടുവിനു ഉന്നത വിജയം നേടി മികച്ച അക്കാദമിക് നിലവാരത്തില്‍ എത്താനായിരിക്കും ഇനിയുള്ള ശ്രമമെന്നും അവിഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."