പശുക്കള്‍ക്കും ജനങ്ങള്‍ക്കും ഇനി പേടി വേണ്ട; ബാര്‍ കോഡ് സഹിതം ഐ.ഡി കാര്‍ഡ് തയാറായി
കാസര്‍കോട്: രാജ്യത്തെ പശുക്കള്‍ക്കും ജനങ്ങള്‍ക്കും ഇനി ഭയക്കേണ്ടതില്ല. മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷയുള്ള ഐ.ഡി കാര്‍ഡ് പശുക്കള്‍ക്കുവേണ്ടി തയാറായി. നമ്പറും ബാര്‍കോഡും ഉള്‍പ്പെടെയുള്ള കാര്‍ഡുകളാണ് പശുക്കള്‍ക്ക് വേണ്ടി തയാറാക്കിയിട്ടുള്ളത്. മഞ്ഞക്കളറിലുള്ള പ്ലൈറ്റില്‍ കറുപ്പ് നിറത്തിലാണ് പശുവിന്റെ നമ്പറും ഇവയുടെ വിവരങ്ങള്‍ സംബന്ധിച്ച ബാര്‍കോഡും രേഖപ്പെടുത്തിയിട്ടുള്ളത്. പശുക്കളുടെ കാതിലാണ് ഐ.ഡി.കാര്‍ഡ് ഘടിപ്പിക്കുന്നത്. എന്നാല്‍ ഇവ ഘടിപ്പിക്കുമ്പോള്‍ പശുക്കളുടെ കാതുകള്‍ക്ക് പരുക്കേല്‍ക്കാത്ത രീതിയാണ് അവലംബിച്ചിട്ടുള്ളത്.
പശുക്കടത്തും, പശുവിനെ ഇറച്ചിക്കുവേണ്ടി വെട്ടുന്നതായും ആരോപിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഒട്ടനവധി ആളുകളെ കേസെടുത്ത് ജയിലില്‍ തള്ളുകയും, പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആളുകളെ തല്ലിക്കൊല്ലുകയും ചെയ്ത രാജ്യത്ത് പശുക്കള്‍ക്ക് ഐ.ഡി.കാര്‍ഡ് ഏര്‍പ്പെടുത്തിയത്തോടെ ജനങ്ങള്‍ ആശ്വാസത്തിലായി.
കര്‍ണ്ണാടകയിലെ ചിക്കമംഗലൂരു ജില്ലയിലെ 68,436 പശുക്കള്‍ക്ക് ഐ.ഡി.കാര്‍ഡ് പതിച്ചു കഴിഞ്ഞു. ജില്ലയില്‍ പാല്‍ ചുരത്തുന്ന പശുക്കള്‍ക്കാണ് ഐ.ഡി.കാര്‍ഡ് പതിച്ചത്. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലാണ് പശുക്കളെ ഐ.ഡി.കാര്‍ഡ് നല്‍കി രജിസ്‌ട്രേഷന്‍ നടത്തുന്നത്. ചിക്കമംഗലൂരു ജില്ലയില്‍ മാത്രം 1,56,450 പശുക്കള്‍ക്ക് ഐ.ഡി കാര്‍ഡ് തയാറാക്കാനാണ് ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതി. ചിക്കമംഗലൂരു ജില്ലയിലെ 43.72 ശതമാനം പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2019 ഏപ്രില്‍ വരെയുള്ള കണക്കാണിത്.
ഐ.ഡി കാര്‍ഡില്‍ യു.ഐ.ഡി കൂടി ഉള്‍പ്പെടുത്തിയതോടെ ബാര്‍ കോഡ് പരിശോധിച്ചാല്‍ പശുവിന്റെ വയസും, ഇവയുടെ കുട്ടികളുടെ എണ്ണവും ഗര്‍ഭകാല സമയവും ഇവയില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവും ഉടമസ്ഥന്റെ വിവരവും ഉള്‍പ്പെടെ ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വിവരങ്ങള്‍ സമയാ സമയങ്ങളില്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അനിമല്‍ ഹസ്ബന്‍ഡറി ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.മല്ലികാര്‍ജ്ജുന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."