ശ്രീലങ്കയില്‍ ഞായറാഴ്ച കുര്‍ബാന പുനരാരംഭിച്ചു
കൊളംബോ: ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങളെ തുടര്‍ന്ന് അടച്ചിട്ട ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ വീണ്ടും ഞായറാഴ്ച കുര്‍ബാന തുടങ്ങി. കൊളംബോയിലെ സെന്റ് തെരേസാസ് പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ പുറത്ത് സൈനികര്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരതുന്നതു കാണാമായിരുന്നു.
എല്ലാ പള്ളികളുടെയും പ്രവേശനകവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ പള്ളികളില്‍ പ്രവേശിപ്പിച്ചുള്ളൂ. അതും ദേഹപരിശോധനയ്ക്കു ശേഷം മാത്രം. പള്ളികളുടെ സമീപത്ത് വാഹന പാര്‍ക്കിങ് അനുവദിച്ചില്ല. വിശ്വാസികള്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രമേ കൂടെ കരുതാവൂവെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ മിക്കവരും കൈ വീശിയാണ് വന്നത്.
രാജ്യത്തെ രണ്ട് കത്തോലിക്കാ പള്ളികളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി ഏപ്രില്‍ 21ന് ഏഴു ചാവേര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ച് 258 പേരാണ് കൊല്ലപ്പെട്ടത്. നാഷനല്‍ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക തീവ്രവാദിസംഘടനയെ ഉപയോഗിച്ച് ആഗോള ഭീകരസംഘടനയായ ഐ.എസ് ആണ് ആക്രമണം നടത്തിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഞായറാഴ്ച പ്രാര്‍ഥന നിര്‍ത്തിവച്ചതിനാല്‍ ഇതുവരെ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വീട്ടില്‍ കുര്‍ബാന നടത്തി ടെലിവിഷനിലൂടെ വിശ്വാസികള്‍ അത് വീക്ഷിക്കുകയാണ് ചെയ്തിരുന്നത്. മിക്ക പള്ളികളിലും കഴിഞ്ഞയാഴ്ച മുതല്‍ പ്രാര്‍ഥനകള്‍ നടത്തിത്തുടങ്ങിയിരുന്നു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെല്ലാം പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കത്തോലിക്കാ സ്വകാര്യ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."