HOME
DETAILS
MAL
ഉമര്‍ഖാലിദിന് പിന്തുണയുമായി 208 പ്രമുഖര്‍
backup
September 25 2020 | 03:09 AM
ന്യൂഡല്‍ഹി: ഉമര്‍ഖാലിദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തും അന്താരാഷ്ട്രതലത്തിലും അറിയപ്പെടുന്ന ബുദ്ധിജീവികളും എഴുത്തുകാരുമായ 208 പ്രമുഖരുടെ സംയുക്ത പ്രസ്താവന.
ഡല്‍ഹി വംശഹത്യയുടെ പേരില്‍ നടക്കുന്നത് പൊലിസ് അന്വേഷണമല്ലെന്നും മുന്‍കൂട്ടി തീരുമാനിച്ച വേട്ടയാടലാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
എഴുത്തുകാരായ നോംചോംസ്‌കി, സല്‍മാന്‍ റുഷ്ദി, അമിതവ് ഘോഷ്, അരുന്ധതി റോയ്, രാമചന്ദ്രഗുഹ, രാജ്‌മോഹന്‍ ഗാന്ധി, സിനിമാ സംവിധായകരായ മിരാ നായര്‍, ആനന്ദ് പട്‌വര്‍ദ്ധന്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീദ്, റൊമീലാ ഥാപ്പര്‍, ആക്ടിവിസ്റ്റുകളായ മേധാ പട്കര്‍, അരുണാ റോയ് തുടങ്ങിയവയാണ് സംയുക്ത പ്രസ്താവയിറക്കിയിരിക്കുന്നത്.
പൗരത്വനിയമ ഭേദഗതിക്കെതിരേ സമരം ചെയ്തുവെന്ന കാരണത്താലാണ് ഉമര്‍ ഖാലിദിനെ കേസില്‍ കുടുക്കിയിരിക്കുന്നതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
ഭരണഘടനയോടു കൂറുപുലര്‍ത്താന്‍ പ്രതിജ്ഞയെടുത്തവരെന്ന നിലയില്‍ പക്ഷപാതമില്ലാതെ ഡല്‍ഹി വംശഹത്യാക്കേസ് അന്വേഷിക്കാന്‍ ഡല്‍ഹി പൊലിസ് തയാറാകണം.
ധീരനായ യുവ ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനോടുള്ള സാഹോദര്യം തങ്ങള്‍ അറിയിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സമാധാനപരമായ ജനാധിപത്യ സമരമായിരുന്നു സി.എ.എ വിരുദ്ധ സമരം.
മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്നും ഡോ. ബി.ആര്‍ അംബേദ്കറുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിച്ചുമാണ് അവര്‍ സമരം ചെയ്തത്.
ഈ മുന്നേറ്റത്തിന്റെ ശക്തമായ ശബ്ദമായിരുന്നു ഉമര്‍ഖാലിദ്. ഇന്ത്യയിലെമ്പാടും വലിയ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായി 100നടുത്ത് വേദികളില്‍ ഉമര്‍ ഖാലിദ് ഭരണഘടനയുടെ മൂല്യമുയര്‍ത്തിപ്പിടിച്ച് സംസാരിച്ചു.
ചില സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഉമര്‍ ഖാലിദിനെ ജിഹാദിയായി വിശേഷിപ്പിക്കുന്നത് അദ്ദേഹം സര്‍ക്കാറിനെതിരേ സംസാരിക്കുന്നതു കൊണ്ടു മാത്രമല്ല മുസ്‌ലിംമായതു കൊണ്ടുകൂടിയാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
കള്ളക്കേസില്‍ ജയിലിലിട്ടിരിക്കുന്ന 21 പേരില്‍ 19 പേരും മുസ്‌ലിംകളാണ്. സ്വത്വം കുറ്റമായി കാണുന്ന നടപടി അംഗീകരിച്ചാല്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് തല കുനിച്ചു നില്‍ക്കേണ്ടി വരുമെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."