HOME
DETAILS
MAL
'അങ്ങയുടെ മാനസികാവസ്ഥയാണ് പരിശോധിക്കേണ്ടത്'
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: താനൊഴിച്ച് നാട്ടിലുള്ളവര്‍ക്ക് എല്ലാം പ്രത്യേക മാനസികാവസ്ഥയാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയാണ് പരിശോധിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താണെന്ന് ജനങ്ങള്‍ മനസിലാക്കണം.
അഴിമതിയെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴും നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പിണറായി പറഞ്ഞത്.
ആലപ്പുഴയില്‍ സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പറഞ്ഞ വി.എസിനെതിരെയും അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ്മിഷന്‍ ഇടപാടിന്റെ ധാരണാപത്രം തനിക്ക് ലഭിച്ചുവെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
നാട്ടില്‍ നല്ലത് നടക്കരുതെന്നല്ല, മറിച്ച് അഴിമതി നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മം എന്ന് മുഖ്യമന്ത്രി മനസിലാക്കണം.
രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. സംസ്ഥാന ചരിത്രത്തില്‍ ഒരു ഭരണാധികാരിയും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ല.
കൊവിഡിന്റെ കാര്യത്തില്‍ സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ ഫലപ്രദമല്ലെന്നാണ് പുതിയ കേസ് നിരക്ക് കാണിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ടെസ്റ്റുകള്‍ കുറഞ്ഞതു കൊണ്ടാണ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുകയറുന്നത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷന്‍ വിവാദത്തില്‍ അന്വേഷണത്തിന് സി.ബി.ഐ തന്നെ വേണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
വിജിലന്‍സ് അന്വേഷണം കൊണ്ട് യഥാര്‍ഥ വസ്തുതകള്‍ പുറത്തു വരില്ല. പദ്ധതിയില്‍ വന്‍ കൊള്ളയെന്നു പകല്‍ പോലെ വ്യക്തമായി. കേരളാ കോണ്‍ഗ്രസ് വിടാനുള്ള ജോസഫ് എം. പുതുശേരിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."