ശാന്തിവന മധ്യത്തില്‍ ടവര്‍ സ്ഥാപിക്കരുത്
ശാന്തിവന മധ്യത്തിലൂടെ ലൈന്‍ വലിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരും വനത്തിനടുത്തു താമസിക്കുന്ന സ്ഥല ഉടമയുമായുള്ള മന്ത്രിയുടെ ചര്‍ച്ച പരാജയപ്പെട്ടു എന്നു വേണം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാക്കാന്‍. ഇതിനകം 30 കോടി ചെലവഴിച്ചതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയാനാവില്ലെന്നാണ് മന്ത്രി പറയുന്നത്. 40,000 കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതി ഒരു കുടുംബത്തിന്റെ പ്രത്യേക താല്‍പര്യത്തിനു വേണ്ടി ഒഴിവാക്കാനാവില്ലെന്നും മന്ത്രി പറയുന്നു. ഇത് തീര്‍ത്തും തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശമാണ്. പദ്ധതിക്ക് ആരും എതിരല്ല. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലം ചില സ്വകാര്യവ്യക്തികളുടെ താല്‍പര്യാര്‍ഥം മാറ്റി വനത്തിനു മധ്യത്തിലൂടെ ലൈന്‍ വലിക്കുന്നതിലാണ് എതിര്‍പ്പ്.
ഇത് ഒരു കുടുംബത്തിന്റെ മാത്രം താല്‍പര്യത്തില്‍ ഒതുങ്ങുന്നതല്ല. പ്രദേശത്തെ മൊത്തം ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതാണ്. വമ്പിച്ച പരിസ്ഥിതി നാശമായിരിക്കും കാന നമധ്യത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിലൂടെ ഉണ്ടാവുക. 20 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി വഴിയില്‍ നിര്‍ത്താനാവില്ലെന്ന മന്ത്രിയുടെ വാദത്തില്‍ കഴമ്പില്ല. അന്ന് ജോലി ആരംഭിക്കുമ്പോള്‍ വനത്തിന്റെ മധ്യത്തിലൂടെ ലൈന്‍ വലിക്കാനായിരുന്നില്ലല്ലോ തീരുമാനിച്ചിരുന്നത്. ചില സ്വകാര്യവ്യക്തികളുടെ താല്‍പര്യത്തിന് വൈദ്യുതി ബോര്‍ഡ് വഴങ്ങുകയായിരുന്നു എന്നതല്ലേ യാഥാര്‍ഥ്യം.
എറണാകുളം ജില്ലയിലെ കോട്ടവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്ള രണ്ട് ഏക്കറോളം വിസ്തൃതിയുള്ള പ്രദേശം കഴിഞ്ഞ 30 വര്‍ഷമായി ജൈവ വൈവിധ്യ പ്രദേശമായി പരിപാലിച്ചുപോരുകയാണ്. ഈ രണ്ടേക്കറിന്റെ ഒരു കോണിലാണ് മീനാക്ഷി മേനോനും കുടുംബവും താമസിക്കുന്നത്. ഇവരെ ഉദ്ദേശിച്ചാണ് മന്ത്രി മണി ഒരു സ്ഥലം ഉടമയുടെ താല്‍പര്യമെന്ന് വിശേഷിപ്പിച്ചത്. ഇവരുടെ വീടും മുറ്റവും ഒഴികെയുള്ള സ്ഥലമാണ് ശാന്തിവനം.
ഈ വനത്തില്‍ പലതരം മരങ്ങളും സസ്യലതാദികളും തഴച്ചുവളരുന്നു. പല തരം ജന്തുജാലങ്ങളുടെ ആവാസകേന്ദ്രവും കൂടിയാണ് ഈ സ്ഥലം. പാല, കരിമ്പന, കാട്ടിലഞ്ഞി തുടങ്ങിയ വന്‍മരങ്ങള്‍ ഈ കാടിന്റെ സമ്പത്താണ്. പലതരം ദേശാടനക്കിളികളും സൈബീരിയന്‍ കൊക്കുകളും മൃഗങ്ങളും അധിവസിക്കുന്ന ഈ വനമധ്യത്തിലൂടെ വൈദ്യുതി ലൈന്‍ വരുന്നതോടെ ഈ വനവും ഇവിടത്തെ ജന്തുവര്‍ഗവും നശിച്ച് നാമാവശേഷമാകും. അന്യംനിന്നു പോകുന്ന വെരുക്, തച്ചന്‍കോഴി, മരപ്പട്ടി പോലുള്ള പലതരം ജീവികളും അപ്രത്യക്ഷമാകും. പലതരം ചിത്രശലഭങ്ങളാല്‍ സമ്പന്നമാണീ പ്രദേശമിപ്പോള്‍.
ഇന്ത്യന്‍ ബുള്‍ഫ്രോഗിലുള്ള വലിയ തരം ജന്തുക്കളും ഇവിടെയുള്ളതായിപരിസ്ഥിതി പഠന വകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രധാന സസ്യവിഭാഗങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠനത്തില്‍ വനത്തിന്റെ സവിശേഷതയെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. നാഷനല്‍ മ്യൂസിയം നാച്വറല്‍ ഹിസ്റ്ററിയില്‍ നിന്നുള്ള വിദഗ്ധസംഘം ന്യൂഡല്‍ഹിയില്‍ നിന്ന് 2011ല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തിവനം സംരക്ഷിച്ചു നില നിര്‍ത്തണമെന്ന് രേഖപ്പെടുത്തുകയും ചെയ്തതാണ്.
ശാന്തിവനത്തിന്റെ സവിശേഷതകളെക്കുറിച്ചും പ്രാധാന്യത്തെപ്പറ്റിയും ഇതിനകം രാജ്യത്തെ പ്രമുഖ വാര്‍ത്താമാധ്യമങ്ങളില്‍ ലേഖനങ്ങളും ഫീച്ചറുകളും വന്നതാണ്. പല സ്ഥലങ്ങളിലും ഇത്തരം സംരക്ഷിത വനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയില്‍ പലതും മനുഷ്യ കരങ്ങളാല്‍ നശിപ്പിക്കപ്പെട്ടു. അവശേഷിക്കുന്ന ശാന്തിവനം പോലുള്ളവയും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.
കേരളത്തില്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഇത്തരം വനങ്ങളെ സംരക്ഷിച്ച് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍, പ്രളയം തന്ന പാഠം മനസ്സിലാക്കി ഒറ്റക്കെട്ടായി നീങ്ങേണ്ട ഒരു സന്ദര്‍ഭത്തിലാണ് വനത്തിന്റെ മധ്യത്തില്‍ തന്നെ ടവര്‍ സ്ഥാപിക്കാനും മധ്യത്തിലൂടെ തന്നെ ലൈന്‍ വലിക്കാനും മന്ത്രി വാശി പിടിക്കുന്നത്.
നേരത്തെ പദ്ധതി തയാറാക്കിയപ്പോള്‍ ഈ വനത്തെ ബാധിക്കാത്ത നിലയിലായിരുന്നു തീരുമാനമെടുത്തത്. എന്നാല്‍ ചില സ്വകാര്യ വ്യക്തികള്‍ ഇതിനെതിരെ ചരടുവലിച്ചതിനാല്‍ പദ്ധതി വനമധ്യത്തിലൂടെ എന്ന് തീരുമാനം തിരുത്തുകയായിരുന്നു. വനത്തിനരികിലൂടെ എന്ന തീരുമാനവും തല്‍പരകക്ഷികള്‍ ഇടപെട്ട് മുടക്കുകയായിരുന്നു. വനമധ്യത്തിലൂടെ ലൈന്‍ വലിക്കുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും സമീപത്ത് താമസിക്കുന്ന മീനാക്ഷി മേനോന്‍ എന്ന സ്ഥലമുടമയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയതാണെങ്കിലും കഴിഞ്ഞ മാര്‍ച്ച് 14ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വനത്തില്‍ കയറി ധാരാളം മരങ്ങളാണ് വെട്ടിനശിപ്പിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇപ്പോള്‍ വന്‍മരങ്ങളും വെട്ടിമുറിക്കാന്‍ തുടങ്ങിയിരിക്കുന്നു. വനമധ്യത്തില്‍ ടവറിന്റെ പൈലിങ് പ്രവൃത്തിയും ആരംഭിച്ചിരിക്കുന്നു.
സ്വകാര്യവ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലും സംരക്ഷിത വനപ്രദേശങ്ങളിലും സര്‍ക്കാരും ഭൂമാഫിയകളും ചേര്‍ന്നു കൊച്ചു സംസ്ഥാനത്തെ വാസയോഗ്യമല്ലാതാക്കുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ സംഘടിച്ച് ഇത്തരം പരിസ്ഥിതിനാശ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രംഗത്തുവരുന്നില്ലെങ്കില്‍ അനതിവിദൂര ഭാവിയില്‍ തന്നെ ഈ കൊച്ചു കേരളം താമസ യോഗ്യമല്ലാതായിത്തീരും. അതിനാല്‍ വനമധ്യത്തില്‍ ടവര്‍ സ്ഥാപിക്കുന്നതില്‍ നിന്നും ലൈന്‍ വലിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."