തിരൂര്‍ സ്റ്റേഡിയം വിവാദം: നഗരസഭാ നടപടിക്കെതിരേ എം.എല്‍.എ രംഗത്ത്
തിരൂര്‍: താഴെപ്പാലത്തെ രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയത്തില്‍ പ്രഭാത സവാരിക്കും കായിക പരിശീലനത്തിനും പ്രതിമാസം മുന്നൂറു രൂപ ഫീസ് നിശ്ചയിച്ച തിരൂര്‍ നഗരസഭാ നടപടിക്കെതിരേ സി മമ്മുട്ടി എം.എല്‍.എ രംഗത്ത്. എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് സിന്തറ്റിക് ട്രാക്കോടു കൂടി നവീകരിച്ച സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഫീസ് ഈടാക്കുന്നത് പൗരന്മാരുടെ മൗലികാവകാശ ലംഘനമാണെന്ന് എം.എല്‍.എ പറഞ്ഞു.
സ്റ്റേഡിയം നവീകരണത്തിനും പരിപാലനത്തിനുമുള്ള ഫണ്ട് സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിക്കാമെന്നിരിക്കെ ഫീസ് നിശ്ചയിച്ചത് ശരിയായില്ലെന്നാണ് എം.എല്‍.എയുടെ അഭിപ്രായം. സ്റ്റേഡിയം ഉപയോഗത്തിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ഇക്കാര്യം ഉന്നയിച്ച് നഗരസഭാ ചെയര്‍മാനുമായി സംസാരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
സ്റ്റേഡിയം വിഷയത്തില്‍ നഗരസഭാ അധികൃതരുമായി നല്ല നിലയില്‍ ഇടപെടാനാണ് ഉദ്ദേശിക്കുന്നതെന്നും അനുകൂല നടപടിയുണ്ടായില്ലെന്നും തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും എം.എല്‍.എ പറഞ്ഞു. അറ്റകുറ്റപ്പണിയുടെ പേരില്‍ മാസങ്ങള്‍ക്ക് മുന്‍പ് അടച്ചിട്ട സ്റ്റേഡിയം പ്രതിമാസം മുന്നൂറു രൂപ ഫീസ് നിശ്ചയിച്ച് അനുവദിക്കാമെന്ന കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്.
പ്രഭാതസവാരിയ്ക്കും കായിക പരിശീലനത്തിനുമായി സ്റ്റേഡിയം ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി പ്രതിമാസം മുന്നൂറു രൂപ ഫീസ് ഈടാക്കി അനുവദിക്കാനാണ് തീരുമാനം. സ്റ്റേഡിയം പരിപാലനത്തിനായി തൊഴിലാളികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കാനും തീരുമാനമുണ്ട്. ഫീസ് ഈടാക്കി സ്റ്റേഡിയം അനുവദിക്കാനുള്ള കൗണ്‍സില്‍ തീരുമാനം നടപ്പാക്കുമെന്ന നിലപാടില്‍ തന്നെയാണ് നഗരസഭ.
ഇക്കാര്യം ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്തു. പ്രതിമാസം മുന്നൂറു രൂപ തരാന്‍ കഴിയാത്തവരാരും നിലവില്‍ സ്റ്റേഡിയത്തില്‍ പ്രഭാത സവാരി നടത്തുന്നില്ലെന്നും മുന്നൂറു രൂപ ഭീമമായ ഫീസ് അല്ലെന്നുമാണ് നഗരസഭാ അധികൃതരുടെ നിലപാട്. അതേ സമയം നഗരസഭാ തീരുമാനത്തിനെതിരെ എം.എല്‍.എ പരസ്യമായി രംഗത്തുവന്നതോടെ സ്റ്റേഡിയം വിവാദം വീണ്ടും സജീവമാകുകയാണ്. എന്നാല്‍ സ്റ്റേഡിയം വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് സങ്കീര്‍ണമാക്കരുതെന്നാണ് ഒരു വിഭാഗം കായിക പ്രേമികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."