ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങള്‍ നിരീക്ഷിക്കാന്‍ അഞ്ചംഗ സമിതി
തിരുവനന്തപുരം: ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങള്‍, കരാര്‍ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിച്ചു. സ്‌പേസ് പാര്‍ക്കില്‍ സ്വര്‍ണക്കടുത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ധനവകുപ്പിന്റെ പ്രതിനിധിയെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയത് വിവാദമായി. ഐടി സെക്രട്ടറി ചെയര്‍മാനായ സമിതിയില്‍ എന്ത് കൊണ്ടാണ് ധനകാര്യ വകുപ്പിലെ പ്രതിനിധിയെ ഒഴിവാക്കിയതെന്ന കാര്യം സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. വകുപ്പിന് കീഴില്‍ ഓരോ പ്രൊജ്ക്ടിന്റെയും ആവശ്യകതക്കനുസരിച്ച് വേണ്ടിവരുന്ന ഭാവി നിയമനങ്ങള്‍ സമിതിയുടെ സൂക്ഷമ പരിഷോധനക്ക് വിധേയമാക്കും.
ഇത്തരത്തില്‍ നിയമിതരാവുന്നവരുടെ പ്രവര്‍ത്തനവും സമിതി വിലയിരുത്തും. ഓരോ സ്ഥാപനങ്ങള്‍ക്കും പ്രത്യേകമായിരിക്കും പരിശോധന. അതതു സ്ഥാപനങ്ങളുടെ മേധാവികളാകും സമിതി കണ്‍വീനര്‍മാര്‍.
കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ പുതുതായി നിയമനം നേടുന്ന സമയത്തും കാലാവധി നീട്ടുമ്പോഴും ബന്ധപ്പെട്ട സ്ഥാപനവുമായി ധാരണാ പത്രത്തില്‍ ഒപ്പിടുന്നത് സ്ഥാപന മേധാവി ഉറപ്പാക്കണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ അത് ഗൗരവമായെടുക്കുമെന്നും ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി കെ. മുഹമ്മദ് വൈ സഫറുല്ലയുടെ ഉത്തരവില്‍ പറയുന്നു.
സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വന്‍ ശമ്പളത്തില്‍ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാ സ്ട്രക്ച്ചറിന്റെ സ്‌പേസ് പാര്‍ക്കില്‍ ഉന്നത ശമ്പളത്തില്‍ ജോലി നേടിയ സംഭവം വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും മതിയായ യോഗ്യതയില്ലാതെയാണ് ആ തസ്തികയില്‍ കടന്നുകൂടിയത്. ഐടി വകുപ്പിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. ഐടി വകുപ്പിലെ അനധികൃത നിയമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗത്തെ നിയമിച്ചിരുന്നു. ചുരുക്കം ചില ഓഫീസുകളില്‍ പോയെങ്കിലും പരിശോധന ഏതാണ്ട് നിലച്ച മട്ടാണ്. ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഒരു സാമ്രാജ്യം പോലെ ഭരിച്ചുകൊണ്ടിരുന്ന ഒരു വകുപ്പായിരുന്നു ഇത്. കണ്‍സള്‍ട്ടന്‍സികളുടെ പേര് പറഞ്ഞാണ് ഒട്ടുമിക്ക പിന്‍വാതില്‍ നിയമനങ്ങളും നടത്തിയിട്ടുള്ളത്.
ഐടി വകുപ്പിന് കീഴില്‍ ഐടി മിഷന്‍, ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് കോഴിക്കോട്, ഐടി സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്, സിഡിറ്റ്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഫ്ട്ട് വെയര്‍ ഇങ്ങനെ നിരവധി സ്ഥാപനങ്ങളുണ്ട്. മതിയായ യോഗ്യതയില്ലാത്ത ഒട്ടേറെ പേരെ ഇത്തരം സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുണ്ട്. പത്താം ക്ലാസ് മാത്രം പാസായ സ്വപ്‌ന സുരേഷിനെ 1.7 ലക്ഷം രൂപ ശമ്പളത്തിലാണ് സ്‌പേസ് ്പാര്‍ക്കില്‍ നിയമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."