ലൈഫ് മിഷനില്‍ സി.ബി.ഐ; മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല്‍ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സി.ബി.ഐ അന്വേഷിക്കാന്‍ പോകുന്നു. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും തദ്ദേശ സ്വയംഭരണ മന്ത്രിയെയും ചോദ്യം ചെയ്യുന്ന അവസ്ഥയാണുണ്ടാകാന്‍ പോകുന്നത്. മാന്യതയുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും മുഖ്യമന്ത്രി രാജിവെക്കാന്‍ തയാറാകണം. ഇത്തരത്തില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് അപൂര്‍വമാണ്.
വിജിലന്‍സ് ചോദ്യം ചെയ്യുമോ എന്ന് പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ പൂതി മനസിലിരിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ സി.ബി.ഐ തന്നെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കള്ളക്കഥകള്‍ ഒരോ ദിവസം കഴിയുന്തോറും പൊളിയുകയാണ്. ഇപ്പോള്‍ നാല് കേന്ദ്ര ഏജന്‍സികളും കേരള സര്‍ക്കാരിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. കേരള ഭരണം എവിടെ നില്‍ക്കുന്നുവെന്ന് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുക്കുന്ന പദ്ധതി ഇത്ര കോലം കെട്ടതാക്കാന്‍ ഇടതു സര്‍ക്കാരിന് മാത്രമേ കഴിയൂ. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റേയും വിഹാര രംഗമായി ലൈഫ് പദ്ധതി മാറിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സി.ബി.ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്ക് രാജിവെക്കാനുള്ള സുവര്‍ണാവസരമാണിതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയായിരുന്നു. നിരാലംബരും നിരാശ്രയരുമായ പാവങ്ങള്‍ക്ക് വീടു വച്ചുനല്‍കുന്ന പദ്ധതിയില്‍ നിന്നാണ് ഇത്രയും വലിയ അഴിമതി നടത്തിയത്. നാലുകോടിയുടെ കമ്മിഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി സമ്മതിച്ചതാണ്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണത്തിന് സി.ബി.ഐ തയാറായ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."