തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ഒന്നിന്
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. ഓഗസ്റ്റ് 12ന് കരടായി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ പൂര്‍ണമായതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം നീട്ടിയത്.
941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും 86 നഗരസഭകളിലും ആറ് കോര്‍പറേഷനുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കും. തെരഞ്ഞെടുപ്പ് ഡിസംബര്‍ വരെ നീട്ടി വയ്ക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."