യുവേഫ സൂപ്പര്‍ കപ്പ് കിരീടം ബയേണ്‍ മ്യൂണിക്കിന്
ബുദാപെസ്റ്റ്: ചാംപ്യന്‍സ് ലീഗ്, ബുണ്ടസ്‌ലിഗ കിരീടനേട്ടങ്ങള്‍ക്ക് പിന്നാലെ യുവേഫ സൂപ്പര്‍ കപ്പിലും കിരീടമുയര്‍ത്തി ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്. ഇന്നലെ നടന്ന മത്സരത്തില്‍ കടുത്ത വെല്ലുവിളിയെ മറികടന്ന് സെവിയ്യയെ 2-1നാണ് ബയേണ്‍ കീഴടക്കയത്.
ഹംഗറിയിലെ ബുദാപെസ്റ്റ് പുഷ്‌കാസ് അരീനയില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ എക്‌സ്ട്രാ ടൈമിലെ ഗോളിലായിരുന്നു ഹാന്‍സ് ഫ്‌ളിക്കിന്റെ ടീമിന്റെ വിജയം.
ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളുമാണ് യുവേഫ സൂപ്പര്‍ കപ്പിനായി ഏറ്റുമുട്ടുന്നത്. ബയേണിനായി ലിയോണ്‍ ഗോരെറ്റ്‌സ്‌കയും ജാവോ മാര്‍ട്ടിനെസും ഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് ഒക്കംപാസ് സെവിയ്യയ്ക്ക് വേണ്ടിയും വല തുളച്ചു. എക്‌സ്ട്രാ ടൈമിലെ 104ാം മിനുട്ടില്‍ ജാവോ മാര്‍ട്ടിനസ് നേടിയ ഗോളിലാണ് ബയേണ്‍ വീണ്ടും സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്.
സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തിയാണ് ബയേണ്‍ ടീമിനെ ഇറക്കിയത്. ലെവന്‍ഡോവ്‌സ്‌കിയെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബയേണിനെ 4-3-3 എന്ന പതിവ് ശൈലിയിലാണ് സെവിയ്യ നേരിട്ടത്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഗോള്‍മഴ പെയ്യിച്ച ബയേണിനെ തുടക്കത്തില്‍ തന്നെ മെരുക്കിയാണ് സെവിയ്യ കളി തുടങ്ങിയത്. ഇടയ്‌ക്കൊക്കെ ബയേണിന്റെ പേരുകേട്ട മുന്നേറ്റം സെവിയ്യന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറുമ്പോഴും ഗോളടിക്കാതിരിക്കാന്‍ പ്രതിരോധക്കാര്‍ നന്നായി കൈകാര്യം ചെയ്തു. എന്നാല്‍, 13ാം മിനുട്ടില്‍ ബയേണിനെ ഞെട്ടിച്ചു കൊണ്ട് സെവിയ്യ മത്സരത്തിലെ ആദ്യ ഗോള്‍ അക്കൗണ്ടിലാക്കി.
പെനല്‍റ്റിയിലൂടെ ലൂക്കാസ് ഒക്കാംപാസാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. ബയേണ്‍ ബോക്‌സിനുള്ളില്‍ വച്ച് പ്രതിരോധ താരം ഡേവിഡ് അലാബ സെവിയ്യ താരത്തെ വീഴ്ത്തിയതിനായിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. ലീഡ് വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച ബയേണ്‍ 34ാം മിനുട്ടില്‍ സമനില കണ്ടെത്തി.
ലെവന്‍ഡോവ്‌സ്‌കിയുടെ അസിസ്റ്റില്‍ ലിയോന്‍ ഗോരെസ്‌കയാണ് ഗോള്‍ മടക്കിയത്. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-1ന്റെ സമനില.
51ാം മിനുട്ടില്‍ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ മ്യൂണിക്കിന് വീണ്ടും ലീഡ് സമ്മാനിച്ചെങ്കിലും വാറിലൂടെ താരം ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു.
രണ്ടാം പകുതിയില്‍ ഇരുകൂട്ടരും മികച്ച പ്രതിരോധം പുറത്തെടുത്തതോടെ ശ്രമങ്ങളെല്ലാം ഗോളാകാതെ അവസാനിച്ചു. ഒടുവില്‍ സാധാരണ സമയത്തെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-1ന്റെ സമനില. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 104ാം മിനുട്ടില്‍ ബയേണ്‍ കാത്തിരുന്ന ഗോളെത്തി. അലാബയുടെ അസിസ്റ്റില്‍ ജാമി മാര്‍ട്ടിനസാണ് ഹെഡ്ഡറിലൂടെ ബയേണിനായി വിജയഗോള്‍ കുറിച്ചത്.
മുന്‍പ് 2013ലാണ് ബയേണ്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. നിലവിലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ തോല്‍പ്പിച്ചാണ് ബയേണ്‍ മുത്തമിട്ടത്. നിലവിലെ യൂറോപ്പാ ലീഗ് ജേതാക്കളാണ് സെവിയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."