പ്ലസ്‌വണ്‍ അപേക്ഷ നാലുലക്ഷം കവിഞ്ഞു
എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അപേക്ഷകരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ള 2,39,044 മെറിറ്റ് സീറ്റുകളിലേക്കാണ് ഇന്നലെ വരെ 4,27,127 പേര്‍ അപേക്ഷ നല്‍കിയത്.
ഈ മാസം 16 വരെയാണ് ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശത്തിന് അപേക്ഷ നല്‍കാനുള്ള സമയം.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയ മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകരുള്ളത്. ഇന്നലെ വരെ 63,172 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം ലഭിച്ചത്.
ഇവിടെയുള്ള മെറിറ്റ് സീറ്റുകള്‍ ഇതില്‍ താഴെയും. ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കുറവ് അപേക്ഷകരുള്ളത് പത്തനംതിട്ട ജില്ലയിലാണ്.
ഇവിടെ 15016 അപേക്ഷകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. സംസ്ഥാന സിലബസില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയവരെ കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അന്യസംസ്ഥാനങ്ങള്‍, വിദേശ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവരും ഉപരിപഠനത്തിനായി ഏകജാലക രീതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ ലഭിച്ച 427127 അപേക്ഷകളില്‍ 38575 അപേക്ഷകളുടെ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ 374814 വിദ്യാര്‍ഥികളും സംസ്ഥാന സിലബസില്‍ ഇക്കുറി ഉപരിപഠന യോഗ്യത നേടിയവരാണ്. ഇവരെ കൂടാതെ സി.ബി.എസ്.ഇ (41432), ഐ.സി.എസ്.ഇ(3871), മറ്റുള്ളവ(7010)എന്നിങ്ങനെയാണ് അപേക്ഷകരുടെ നില.
മലപ്പുറം കഴിഞ്ഞാല്‍ കൂടുതല്‍ പ്ലസ്‌വണ്‍ അപേക്ഷകരുള്ളത് പാലക്കാട് (41619)ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ 40422 ഉം തൃശൂരില്‍ 36176 ഉം അപേക്ഷകരുണ്ട്. മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകരുടെ എണ്ണം: തിരുവനന്തപുരം- 34089, കൊല്ലം- 33786, ആലപ്പുഴ-26535 , കോട്ടയം-24844, ഇടുക്കി-13273, എറണാകുളം- 37522, വയനാട്-10918 , കണ്ണൂര്‍-33259, കാസര്‍കോട്-16496 എന്നിങ്ങനെയാണ്.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ടുപേജുള്ള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയും 16 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."