ഇത്തവണയും കേരളത്തിന്റെ ചിറാപ്പുഞ്ചിയായി വടകര തന്നെ; വിടവാങ്ങല്‍ സൂചനകളുമായി മണ്‍സൂണ്‍
കോഴിക്കോട്: റെക്കോര്‍ഡ്മഴ നല്‍കി മണ്‍സൂണിന്റെ വിടവാങ്ങള്‍ സൂചനകള്‍ പ്രത്യക്ഷമാവുമ്പോഴും കേരളത്തിന്റെ ചിറാപ്പുഞ്ചിയായി ഇത്തവണയും വടകര. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ വടകര കേന്ദ്രീകരിച്ചാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസംവരെയുള്ള കണക്കുകള്‍ പ്രകാരം വടകരയില്‍ പെയ്ത മണ്‍സൂണ്‍ മഴ 4,500 മില്ലീമീറ്ററിലേറെയെത്തി. ഇതിനെ കവച്ചുവെക്കാന്‍ മറ്റിടങ്ങള്‍ക്കായിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഏറ്റവും കൂടുതല്‍ മഴയുണ്ടായത് വടകരയിലാണ്.
ഭൂമിശാസ്ത്രപരമായ കിടപ്പും കാറ്റിന്റെ ഗതിയും മഴയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അനുകൂലമായ സാഹചര്യങ്ങള്‍ വടകരയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് ഇത്തവണയും മഴക്കൊയ്ത്ത് നല്‍കുകയായിരുന്നു. കണ്ണവം കാടുമുതല്‍ കക്കയം വരെയുള്ള ഉയര്‍ന്ന മല നിരകള്‍ വടകര മേഖലയുടെ കാലാവസ്ഥയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതറിലെ അഭിലാഷ് ജോസഫ് പറഞ്ഞു. കേരളത്തിലെ മറ്റിടങ്ങളിലുള്ള സഹ്യപര്‍വതനിരകളെ അപേക്ഷിച്ച് തീരപ്രദേശങ്ങളില്‍ നിന്നും കേവലം 30 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഈ മല നിരകളുള്ളത്.
അതു കൊണ്ടു തന്നെ കടലില്‍ നിന്നും വീശുന്ന കാറ്റിനെ എളുപ്പം തടുത്ത് മഴ മേഘങ്ങളെ വര്‍ഷിപ്പിക്കാന്‍ കഴിയും. കാറ്റ് അനുകൂലമാവുന്നതോടെ ഇവിടെ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതകള്‍ ഇതിനാല്‍ ഏറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബര്‍ എന്ന റെക്കോര്‍ഡോടെ കാലവര്‍ഷം പിന്‍വാങ്ങുന്നതായുള്ള സൂചനകള്‍ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ടു. രാജസ്ഥാനിലൂടെയാണ് ഇപ്പോള്‍ മണ്‍സൂണ്‍ മഴപ്പാത്തി കടന്നുപോകുന്നത്. സെപ്റ്റംബര്‍ 28 ഓടെ രാജ്യത്തു നിന്നും മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന സൂചന. സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 2,213.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതില്‍ കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ 3,431.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മറ്റ് ജില്ലകളില്‍ സാധാരണഗതിയില്‍ മഴ ലഭിച്ചുവെങ്കിലും മഴക്കുറവ് ഏറെ ബാധിച്ചത് വയനാട് ജില്ലയെയാണ്. 2,489.1 മില്ലിമീറ്റര്‍ സാധാരണ മണ്‍സൂണ്‍ മഴ കണക്കാക്കിയ വയനാട്ടില്‍ 16 ശതമാനം കുറഞ്ഞ് 2,077 മില്ലിയേ ഇത്തവണ ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ മഴക്കുറവുണ്ടായി. തലസ്ഥാന നഗരിയായ തിരുവന്തപുരത്തും ഇത്തവണ റെക്കോര്‍ഡ് മഴതന്നെയാണ് ലഭിച്ചത്. ഇന്നും നാളെയും കേരളത്തിലും തമിഴ്‌നാട്ടിലും മിക്കയിടത്തും ആകാശം മേഘാവൃതമായിരിക്കുമെന്നും ഈ മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നുമാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."