പൂരം പുറപ്പാട് നയനാമൃതമായി
തൃശൂര്‍: ഭക്തിയും പൂരക്കമ്പവും ഇഴചേര്‍ന്ന നിമിഷങ്ങളില്‍ തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട്. ഉഷശീവേലി കഴിഞ്ഞ് 7.24നായിരുന്നു ഭവഗതിയുടെ പൂരം പുറപ്പാട് ചടങ്ങുകള്‍ തുടങ്ങിയത്. കോലവുമായി തിരുവമ്പാടി അര്‍ജുനന്‍ ഉയര്‍ന്നപ്പോള്‍ ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഭക്തരുടെ നാമജപം. തട്ടകക്കാരുടെ ആര്‍പ്പുവിളികളും പുഷ്പവൃഷ്ടിയും. പൂരം പുറപ്പാടറിയിച്ച് മൂന്ന് തവണ കതിന മുഴങ്ങി. അര്‍ജുനനും കൂട്ടാനകളും ക്ഷേത്രത്തെ വലം വെച്ചു. ഭക്തിനിര്‍വൃതിയില്‍ കൂപ്പുകൈകളുമായി ജനം പിന്നാലെ. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ കലാകാരന്‍മാര്‍ രംഗത്തിന് മേളക്കൊഴുപ്പേകി. ഗണപതിക്ക് മുന്നിലെത്തി അല്‍പ്പനേരം മേളം. കോലമേന്തിയ അര്‍ജ്ജുനന് കൂട്ടായി വലത്ത് ഗുരുവായൂര്‍ ദേവസ്വം ശേഷാദ്രിയും ഇടത്ത് വരടിയം ജയറാമും.
പൂരം ഭഗവതിയ്‌ക്കെങ്കിലും സര്‍വ്വാഭരണവിഭൂഷിതനായി അര്‍ജുനന്റെ കോലത്തില്‍ തിരുവമ്പാടി കണ്ണനും നാട് കാണാനിറങ്ങി. കണ്ണന്റെ സ്വര്‍ണഗോളകയില്‍ ഇളകിയാടുന്ന ഇന്ദ്രനീലക്കല്ലുമാലയും ഏഴ് പാളികളുള്ള അവില്‍മാലയും നയനമനോഹരദൃശ്യമായി. പവിഴാധരങ്ങളോട് ചേര്‍ന്ന് സ്വര്‍ണമുരളി. അഴകിന്നഴകായ് താമരമാലയും. ക്ഷേത്രമതില്‍ക്കെട്ടിനകത്തെ മേളം കഴിഞ്ഞ് ഭഗവതി പൂരത്തിന് പുറപ്പെടുമ്പോള്‍ എട്ട് കഴിഞ്ഞിരുന്നു. പച്ചക്കുട ഭവതിക്കും കൂട്ടാനകള്‍ക്ക് സ്വര്‍ണ അകിലുകളോടു കൂടിയ പിങ്ക് കുടകളും. അകിലുകളില്‍ പത്തിവിടര്‍ത്തിയ നാഗങ്ങള്‍ കുടകളുടെ അഴകേറ്റി. നടപ്പാണ്ടിയുടെ അകമ്പടിയില്‍ ഷൊര്‍ണൂര്‍ റോഡിലൂടെ തെക്കോട്ട്. വഴിനീളെ ഭക്തര്‍ നിറപറയുമായി കാത്തുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."