കൊവിഡിനെതിരേ ഫലപ്രദമായ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞര്‍
ബെര്‍ലിന്‍: കൊറോണ വൈറസിനെതിരേ വളരെ ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു, ഇത് കൊവിഡ് വാക്സിനേഷന് വികസിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോഴുള്ള വാക്സിനേഷനില്‍ നിന്ന് വ്യത്യസ്തമായി പുതിയ വാക്സിനുകളില്‍ റെഡിമെയ്ഡ് ആന്റിബോഡികളുടെ സാന്നിധ്യം ഉള്‍പ്പെടുന്നുണ്ട്. അവ കൊവിഡിനെ പ്രതിരോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ ചില സാര്‍സ് കോവ്-2 ആന്റിബോഡികള്‍ വിവിധ അവയവങ്ങളില്‍ നിന്നുള്ള ടിഷ്യു സാമ്പിളുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചിലപ്പോള്‍ ഇത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ജര്‍മന്‍ സെന്റര്‍ ഫോര്‍ ന്യൂറോഡെജനറേറ്റീവ് ഡിസീസസ്, ചാരൈറ്റ് യൂണിവേഴ്സിറ്റാറ്റ്സ്മെഡിസിന്‍ ബെര്‍ലിന്‍ എന്നിവയിലെ ശാസ്ത്രജ്ഞര്‍ കോവിഡില്‍ നിന്ന് മുക്തിനേടിയ വ്യക്തികളുടെ രക്തത്തില്‍ നിന്ന് 600ഓളം വ്യത്യസ്ത ആന്റിബോഡികളെ വേര്‍തിരിച്ചു. തുടര്‍ന്ന് ലബോറട്ടറി പരിശോധനകളിലൂടെ വൈറസിനെ പ്രതിരോധിക്കുന്ന ഫലപ്രദമായ കുറച്ച് ആന്റിബോഡികളിലേക്ക് ഇവയെ ചുരുക്കി.
ആന്റിബോഡികള്‍ വൈറസ് കോശങ്ങളിലേക്ക് പ്രവേശിക്കുന്നതും പുനരുല്‍പ്പാദനം നടത്തുന്നതും തടയുന്നുവെന്ന് അവര്‍ പറഞ്ഞു. കൂടാതെ, ആന്റിബോഡികള്‍ വൈറസുകളെ തിരിച്ചറിയുന്നത് വൈറസിനെ ഇല്ലാതാക്കാന്‍ രോഗപ്രതിരോധ കോശങ്ങളെ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."