മുഖ്യമന്ത്രിക്കും സി.പി.എം മന്ത്രിമാര്‍ക്കുമെതിരേ സി.പി.ഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.എം മന്ത്രിമാര്‍ക്കെതിരേയും സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ നിലപാടുകളെ എതിര്‍ക്കാതെ പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് സി.പി.ഐയെന്നു കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്ന നിലപാടു പിണറായി വിജയന്റെ മാത്രമായിരുന്നു. ഈ തീരുമാനം സര്‍ക്കാരിനു പലതും ഒളിച്ചുവയ്ക്കാനുണ്ടെന്ന പ്രചാരണത്തിനിടയാക്കി. സി.പി.എം മന്ത്രിമാരുടെ ഏകപക്ഷീയ നടപടികളുടെ പാപഭാരം സി.പി.ഐയും ചുമക്കേണ്ട സ്ഥിതിയാണുള്ളത്.
വിവരാവകാശത്തിന്റെ പേരിലുണ്ടായ വിവാദവും സര്‍ക്കാരിന് തിരിച്ചടിയായി. മികച്ച തുടക്കമായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്.
എന്നാല്‍ രണ്ടു മാസങ്ങള്‍ കൊണ്ടുതന്നെ അതു തകര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ. ദാമോദരനെ നിയമിച്ചതില്‍ തെറ്റില്ല. എന്നാല്‍ ഇതിന് ശേഷം എം.കെ ദാമോദരന്‍ ലോട്ടറികേസിലും മറ്റുവിവാദമായ കേസുകളിലും സര്‍ക്കാരിനെതിരേ ഹാജരായത് അവമതിപ്പു സൃഷ്ടിച്ചു. എന്നിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ യുക്തമായ വിശദീകരണം നല്‍കാന്‍ പോലും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും കഴിഞ്ഞിട്ടില്ല. മന്ത്രിസഭായോഗത്തില്‍ സി.പി.ഐ മന്ത്രിമാരും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയില്ല.
ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കു കൂട്ടു നില്‍ക്കുകയായിരുന്നു സി.പി.ഐ നേതൃത്വവും. മുന്നണിയാണു ഭരിക്കുന്നത്. എന്നാല്‍ സി.പി.ഐയ്ക്കു ഭരണത്തില്‍ ഒരു പങ്കുമില്ലെന്ന തരത്തിലാണു സി.പി.എം നേതൃത്വം പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ സംസ്ഥാന ബജറ്റിന് ഒരു സുതാര്യതയുമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നില്ല. ഏകപക്ഷീയമായ നിലപാടാണു ബജറ്റിലും പ്രതിഫലിച്ചത്. ഇതിനെതിരേ നിലപാടു സ്വീകരിക്കാതെ സി.പി.എമ്മിനെ പ്രകീര്‍ത്തിക്കുന്ന നേതാക്കളാണു സി.പി.ഐയിലുള്ളതെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. ബോര്‍ഡ്, കോര്‍പറേഷന്‍ പുനഃസംഘടനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏതു വിഷയമുണ്ടെങ്കിലും പാര്‍ട്ടിയുടെ നിലപാടില്‍ ഉറച്ചുനിന്നു കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തന്റേടമുണ്ടെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടും കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തു.
വിവാദ പരാമര്‍ശത്തില്‍ ബിജി മോള്‍ എം.എല്‍.എയുടെ മറുപടിയില്‍ കൗണ്‍സില്‍ അതൃപ്തിപ്രകടിപ്പിച്ചു. തുടര്‍ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം കാണിക്കാനും ബിജിമോള്‍ക്കു കൗണ്‍സില്‍ നിര്‍ദേശം നല്‍കി. സി. ദിവാകരനെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."