കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ സ്വര്‍ണക്കടത്ത് സഘത്തിലെ നാലുപേര്‍ അറസ്റ്റില്‍
കൊണ്ടാട്ടി: സഊദിയില്‍ നിന്ന് ദുബൈ വഴി കരിപ്പൂരിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ സ്വര്‍ണക്കടത്ത് സഘത്തിലെ നാലുപേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റു ചെയ്തു. മലപ്പുറം മമ്പാട് കച്ചേരിക്കുനിയില്‍ മുഹമ്മദ് ബഷീര്‍(45), കോരക്കാട് ഇഷല്‍ മന്‍സിലില്‍ അബ്ദുല്‍ നാസര്‍ (46), കോഴിക്കോട് താമരശ്ശേരി ചെമ്പായി മുഹമ്മദ്(50),ഇയാളുടെ മകളുടെ ഭര്‍ത്താവ് താമരശ്ശേരി കണ്ണീരുപ്പില്‍ ഫസല്‍ (31) എന്നിവരാണ് അറസ്റ്റിലായത്.തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 17ന് കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി പാറശ്ശേരി മിത്തല്‍ മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച കേസിലാണ് നാലുപേരും പിടിയിലായത്. സഊദിയിലെ സ്വര്‍ണക്കടത്തു സംഘം സ്വര്‍ണം കടത്തുന്നതിനായി റിയാസിനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇവരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നു കളയാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് ആറ് വാഹനങ്ങളിലായി വന്ന സ്വര്‍ണക്ക ടത്തു സംഘം ഇയാളെ കൊണ്ടോട്ടി കാളോത്ത് വച്ച് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടു പോയത്.പിന്നീട് 10 ഓളം പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ച് മുക്കം ടൗണില്‍ ഇറക്കി വിടുകയായിരുന്നു.
സംഭവത്തില്‍ പ്രത്യേക പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ വ്യാജ പ്രതികളെ ഹാജരാക്കാനും സംഘം ശ്രമിച്ചിരുന്നതായി പൊലിസ് പറഞ്ഞു. പിടിയിലായവരില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. പിടിയിലായ ബഷീര്‍,ഫസല്‍ എന്നിവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ബഷീറിന്റെ ഗുണ്ടല്‍പേട്ട് ടൗണിലെ ആഡംബര റിസോട്ടില്‍ വച്ചാണ് സ്വര്‍ണക്കടത്തു സംഘവും ബഷീറും സൗഹൃദത്തിലാവുന്നതെന്ന് പൊലിസ് പറഞ്ഞു.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."