നവ കേരള നിര്‍മാണം 'ജില്ലയെ പരിഗണിക്കണം'
സുല്‍ത്താന്‍ ബത്തേരി: പുതിയ കേരളം രൂപപ്പെടുത്തുമ്പോള്‍ വയനാടിനെ അര്‍ഹമായ രീതിയില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
1986ല്‍ കേരളത്തിന്റെ ഭാഗമായതു മുതല്‍ കടുത്ത അവഗണനയും വഞ്ചനയുമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 1957ല്‍ കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കുന്നതിനുവേണ്ടി വയനാടിന്റെ വനങ്ങളേയും പരിസ്ഥിതിയേയും കേരള സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുകയായിരുന്നു. ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിക്കു വേണ്ടി വയനാട്ടിലെ നിത്യഹരിത മഴക്കാടുകളെ മുറിച്ചുമാറ്റി യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകള്‍ സ്ഥാപിക്കാനുള്ള തീരുമാനമാണ് വയനാടിന്റെ നട്ടെല്ല് തകര്‍ത്തത്.
1960കളുടെ അവസാനത്തോടെ വയനാട്ടിലെ 23000 ഹെക്ടറിലധികം നിത്യഹരിത മഴക്കാടുകളിലെ വന്‍മരങ്ങള്‍ മുറിച്ചുനീക്കി കേരള സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയായിരുന്നു. വയനാട്ടിലെ കാര്‍ഷികമേഖലയെ സമൃദ്ധമാക്കേണ്ടിയിരുന്ന ജലസമ്പത്തിനെ ബാണാസുരസാഗര്‍ അണക്കെട്ട് നിര്‍മിച്ച് കുറ്റ്യാടിയിലേക്ക് തിരിച്ചുവിട്ട് ശതകോടികളുടെ വൈദ്യുതിയാണ് വര്‍ഷംതോറും ഉല്‍പ്പാദിപ്പിക്കുന്നത്.
വയനാടിന്റെ ജലസമ്പത്തിനെ കെ.എസ്.ഇ.ബിക്ക് തീറെഴുതിക്കൊടുക്കുമ്പോഴും വയനാടിന് യാതൊരു വിധത്തിലുള്ള സാമ്പത്തികനേട്ടവും ഉണ്ടാവുന്നില്ല. ബാണാസുരസാഗറിലെ ജലംകൊണ്ട് കോഴിക്കോട് ജില്ലയിലെ കൃഷിയിടങ്ങളില്‍ ജലസേചനം നടത്തുമ്പോള്‍ വയനാട്ടിലെ കൃഷിക്കാര്‍ക്ക് രൂക്ഷമായ വരള്‍ച്ചയില്‍പ്പോലും ജലം നല്‍കുന്നില്ല. ചൂഷണത്തിനുള്ള ഉപാധി മാത്രമായാണ് വയനാടിനെ കേരളത്തിലെ ഭരണസംവിധാനം കാണുന്നത്. ഒരു മുന്നറിയിപ്പും നല്‍കാതെ 3 മീറ്ററോളം ഉയരത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയമാണ് വയനാട്ടിലെ പതിനായിരങ്ങളെ ദുരിതത്തിലാക്കിയത്. വയനാടന്‍ ജനതയോട് ഒരു ഉത്തരവാദിത്വവുമില്ലാത്ത സമീപനമാണ് കെ.എസ്.ഇ.ബിയുടേത്. കോടികളുടെ അഴിമതിക്കും, സര്‍ക്കാരിന്റെ പണം പങ്കിട്ടെടുക്കാനുമുള്ള മാര്‍ഗവുമായാണ് വയനാടിന് ഒരു പ്രയോജനവും ലഭിക്കാത്ത കാരാപ്പുഴ അണക്കെട്ടിനെ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
കേരളം രൂപീകൃതമായതിനു ശേഷം ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി കേരളം മാറിയപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 100 ജില്ലകളില്‍ നാല്‍പ്പതാം സ്ഥാനത്തേക്ക് വയനാട് പിന്തള്ളപ്പെട്ടു. വയനാടിന് സര്‍വ്വതോന്മുഖമായ വികസനം കൊണ്ടുവരുമായിരുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. വയനാട് ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാത്രിയാത്രാ നിരോധനം പിന്‍വലിക്കുന്ന കാര്യത്തിലും തികഞ്ഞ അവഗണനയും അനാസ്ഥയുമാണ് തുടരുന്നത്. വന്യജീവി സങ്കേതത്തില്‍ 5 മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാമെന്നും ചിലവിന്റെ പകുതി കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്നും പകുതി കേരളം വഹിക്കണമെന്നുമുളള സുപ്രീംകോടതി കമ്മറ്റി ചെയര്‍മാന്‍ കൂടിയായ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തോടും കേരള സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. ഈ അവഗണനക്കെതിരെ വയനാടന്‍ ജനത നടത്തിവരുന്ന ശക്തമായ സമരങ്ങളോടൊക്കെയും മുഖം തിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിന്റെത്. മറ്റു പ്രദേശങ്ങളുടെ വികസനത്തിനുവേണ്ടി ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ജനതയായി വയനാട് മാറിയിരിക്കുന്നു. ഈ അവഗണനക്കും വഞ്ചനക്കുമെതിരെ പ്രതികരിക്കേണ്ട വയനാട്ടിലെ ജനപ്രതിനിധികളുടെ വിനീതവിധേയത്വം ജനങ്ങളെ നിരാശരാക്കുകയാണ്.
പുതിയ കേരളം രൂപപ്പെടുത്തുമ്പോള്‍ കേരളത്തിനൊട്ടാകെ പ്രയോജനപ്പെടുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്കും, മൈസൂറില്‍നിന്ന് വയനാട്ടിലേക്കുള്ള റോഡുകളിലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമുണ്ടാക്കുന്നതിനും മുന്‍ഗണന നല്‍കണമന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ വയനാടിനോടുള്ള അവഗണനയും വഞ്ചനയും തുടര്‍ന്നാല്‍ ജനങ്ങളെ ഒന്നാകെ അണിനിരത്തിയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ മത്തായി, വി. മോഹനന്‍, എം.എ അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, സംഷാദ്, അനില്‍, നാസര്‍ കാസിം, ജോയിച്ചന്‍ വര്‍ഗീസ്, ജേക്കബ് ബത്തേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."