അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായി ജഡായു ടൂറിസം മാറും: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായി ചടയമംഗലം ജഡായു ടൂറിസം മാറുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. ജഡായുപാറ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു എം.പി.
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പമാണ് രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ ചടയമംഗലത്ത് ജഡായു പാറയില്‍ പൂര്‍ത്തിയാകുന്നത്. ലോകത്ത് വരാനിരിക്കുന്ന 14 വിസ്മയ പ്രതിഭാസങ്ങളില്‍ അഞ്ചാമത്തേതായി ഇതിനകം ജഡായു പക്ഷി ശില്‍പം സ്ഥാനം പിടിച്ചുകഴിഞ്ഞു. സാഹസിക പരിശീലനവും ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള ഭാവനാസമ്പന്നമായ നവീനസംരംഭം പ്രകൃതി സൗഹൃദ കാഴ്ചപ്പാടിലാണ് നിര്‍മിച്ചിട്ടുള്ളത്.
കേരളത്തിന്റെ ഗ്രാമീണനന്മയും പാറയുടെ പ്രകൃതി മനോഹാരിതയും ആവോളം ആസ്വദിക്കാന്‍ കഴിയുന്ന നിലയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ജഡായു ടൂറിസം പദ്ധതി കേരളത്തിന്റെ ടൂറിസം സാദ്ധ്യതകളില്‍ വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
നൂറ് ശതമാനം സ്വകാര്യ നിക്ഷേപത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ബി.ഒ.റ്റി വ്യവസ്ഥയിലുള്ള ഈ സംരംഭം ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന പദ്ധതിയായി പരിണമിക്കും.
ജഡായു ടൂറിസത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിന് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രേമചന്ദ്രന്‍ ഉറപ്പു നല്‍കി. ശില്‍പി രാജീവ് അഞ്ചല്‍ സാര്‍വ്വദേശീയ തലത്തിലുള്ള അംഗീകാരത്തിന് അര്‍ഹനാണെന്നും എം.പി പറഞ്ഞു.
എം.പി യോടൊപ്പം യു.ഡി.എഫ് നേതാക്കളായ മഠത്തില്‍ മോഹനന്‍പിള്ള, വി.ഒ. സാജന്‍, ഭുവനചന്ദ്രകുറുപ്പ്, രാധാകൃഷ്ണപിള്ള, മഞ്ഞപ്പാറ സലിം, വടക്കതില്‍ നാസര്‍, ഇളമാട് ഗോപി, ജഡായുപാറ ടൂറിസം ഡയറക്ടര്‍ രാജീവ് അഞ്ചല്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."