നിയമം ഏതുവഴിക്കെന്ന് ജനം ഉറ്റുനോക്കുന്നു: ഉമ്മന്‍ചാണ്ടി
കോട്ടയം: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പീഡനാരോപണത്തില്‍ നിയമം നിയമത്തിന്റെ വഴിക്കാണോ പാര്‍ട്ടിയുടെ വഴിക്കാണോയെന്നു കേരളം ഉറ്റുനോക്കുന്നെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുമെന്നു പറഞ്ഞുനടക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ആത്മാര്‍ഥത തിരിച്ചറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എയ്‌ക്കെതിരായ യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്നതു ഇരട്ടനീതിയാണെന്നു കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസിലും പാര്‍ട്ടിയുടെ തീരുമാനം മറ്റൊന്നായിരുന്നില്ല.
പാര്‍ട്ടിയല്ല, അന്വേഷണം നടത്തേണ്ടതു പൊലിസാണെന്നും വനിതാ കമ്മിഷന്റെ നിലപാട് പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍പോലും ഏകോപനമില്ല. ചുമതല കൈമാറാതെ മുഖ്യമന്ത്രി വിദേശത്തേക്കു പോയതു ശരിയായില്ലെന്നും ഹസന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന ആയിരം വീട് പദ്ധതിയുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും എം.എം ഹസനും. വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിലേക്കു മണ്ഡലം കമ്മിറ്റികള്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."