കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റാലിയില്‍ വ്യാപക സംഘര്‍ഷം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. അമിത് ഷാ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ കൊല്‍ക്കത്ത സര്‍വകലാശാല കാംപസില്‍നിന്ന് കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കല്ലേറുണ്ടായതിനു പിന്നാലെ അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയുമായിരുന്നു. കാംപസിനുള്ളിലേക്കു കല്ലുകളും വടികളും പ്രവര്‍ത്തകര്‍ എറിഞ്ഞു. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലിസ് ലാത്തിവീശി. കാവി വസ്ത്രങ്ങള്‍ ധരിച്ചവര്‍ പൊലിസിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. സാമൂഹിക പരിഷ്കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറുടെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതായി എ.എന്‍.ഐ റിപ്പോര്‍ട്ട്ചെയ്തു. കഴിഞ്ഞദിവസം അമിത്ഷായുടെ റാലികളിലൊന്നിന് പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
അമിത്ഷാ ഗോ ബാക്ക് എന്നെഴുതിയ പോസ്റ്ററുകള്‍ പലയിടത്തും പതിച്ചിരുന്നു. അക്രമത്തില്‍ നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്.
ജാധവ്പൂര് മണ്ഡലത്തില്‍ അമിത്ഷായുടെ റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി ഇന്നലെ റാലി നടത്തിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."