ന്യൂനപക്ഷങ്ങളുടെ ഐക്യദാര്‍ഢ്യം ഗുണംചെയ്തു: കോണ്‍ഗ്രസ് നേതൃയോഗം
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ ഐക്യദാര്‍ഢ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണംചെയ്തുവെന്ന് കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിന്റെ വിലയിരുത്തല്‍.
ഡി.സി.സി പ്രസിഡന്റുമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, സ്ഥാനാര്‍ഥികള്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്നത്.
20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി. എല്ലായിടത്തും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് രാവിലെ വോട്ട് രേഖപ്പെടുത്തിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത ഗ്രൂപ്പുകള്‍ വരെ ഇത്തവണ യു.ഡി.എഫിനും കോണ്‍ഗ്രസിനും വോട്ട് ചെയ്തുവെന്ന് യോഗം വിലയിരുത്തിയതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുവാക്കളും സ്ത്രീകളും കൃഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ യു.ഡി.എഫിനോട് കാണിച്ച ആവേശം അത്ഭുതപ്പെടുത്തി. മോദി, പിണറായി സര്‍ക്കാരുകള്‍ തങ്ങളെ പരാജയപ്പെടുത്തിയെന്നും വഞ്ചിക്കപ്പെട്ടുവെന്നുമുള്ള വികാരമാണ് വോട്ടര്‍മാര്‍ക്ക് ഉണ്ടായത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്നതും അനുകൂലഘടകമായി.
20 സീറ്റുകളിലും വിജയിക്കുമെന്ന വിശ്വാസമാണ് ചര്‍ച്ചകളില്‍ ഉണ്ടായത്. അഞ്ച് മണ്ഡലങ്ങളില്‍ അനായാസമായും പതിനഞ്ചിടങ്ങളില്‍ ശക്തമായ പോരാട്ടത്തിലൂടെയും വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരിടത്തും യു.ഡി.എഫിനെതിരായ അടിയൊഴുക്കുണ്ടായിട്ടില്ല. ഒരു തെരഞ്ഞെടുപ്പിലുമില്ലാത്ത അട്ടിമറി ഇത്തവണ നടന്നു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടത്തുന്നതിനുപകരം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു.
സര്‍ക്കാര്‍ വലിയ അട്ടിമറിയാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. കള്ളവോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത് ആദ്യ വിജയമായി കാണുന്നു.
സംസ്ഥാനത്താകെ 10 ലക്ഷം യു.ഡി.എഫ് വോട്ട് വെട്ടിക്കുറച്ചത് പ്രത്യേക സമിതി അന്വേഷിക്കും. കെ.സി ജോസഫ് കണ്‍വീനറായ സമിതിയില്‍ എം.എല്‍.എമാരെയും കെ.പി.സി.സി ഭാരവാഹികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ലോക്‌സഭാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."