മലയാളി മാവോയിസ്റ്റ് നേതാക്കളുടെ ജാമ്യാപേക്ഷകള്‍ പരിഗണനയില്‍
കാളികാവ്: ജയിലില്‍ കഴിയുന്ന മലയാളി മാവോയിസ്റ്റ് നേതാക്കളുടെ ജാമ്യാപേക്ഷകള്‍ കോടതികളുടെ പരിഗണനയില്‍. വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്ന നേതാക്കളുടെ ജാമ്യാപേക്ഷയാണ് വിവിധ കോടതികളുടെ മുന്നിലുള്ളത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മുരളി കണ്ണമ്പിള്ളി, ഇയാളോടൊപ്പം പിടിയിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ഇസ്മാഈല്‍, സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രൂപേഷ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതികള്‍ പരിഗണിക്കുന്നത്. മൂന്ന് പേരുടേയും കേസുകള്‍ കേരളത്തിന് പുറത്തുള്ള കോടതികളിലാണുള്ളത്.
രൂപേഷിന്റെ കൂടെ പിടിയിലായ ഭാര്യ ഷൈനക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ബുദ്ധി കേന്ദ്രമായി അറിയപ്പെടുന്ന മുരളി കണ്ണമ്പിള്ളിയും സി.പി ഇസ്മാഈലും നാല് വര്‍ഷം മുന്‍പ് പൂനെയില്‍ വച്ചാണ് മഹാരാഷ്ട്ര പൊലിസിന്റെ പിടിയിലായത്. നിരോധിത സംഘടനയുടെ പ്രവര്‍ത്തകരെന്ന നിലയിലാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും ജാമ്യാപേക്ഷയില്‍ കഴിഞ്ഞ വ്യാഴാഴ്ച തീര്‍പ്പുണ്ടാവുമെന്ന് കരുതിയിരുന്നതാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം അറിയിക്കാതിരുന്നത് ജാമ്യത്തിന് തിരിച്ചടിയായി. ജാമ്യത്തിന്റെ ഭാഗമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി ഇസ്മാഈലിനെയും പൂനെ എര്‍വാട ജയിലില്‍ കഴിയുന്ന മുരളി കണ്ണമ്പിള്ളിയെയും പൂനെയിലെ കോടതില്‍ ഹാജരാക്കിയിരുന്നു.
വാദം സമര്‍പ്പിക്കാന്‍ ഒരു മാസമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി അനുവദിച്ചിട്ടുള്ളത്. ജാമ്യാപേക്ഷ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അടുത്ത ആഴ്ചത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. മുരളിയെയും ഇസ്മാഈലിനെയും ജാമ്യത്തിലെടുക്കാനായി വൈത്തിരിയില്‍ കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ സി.പി റഷീദ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ തുഷാര്‍ നിര്‍മല്‍ സാരഥി, വി.ജെ മാനുവല്‍, ഭാര്യ ജനി മാനുവല്‍ എന്നിവര്‍ കേരളത്തില്‍നിന്ന് പൂനെയിലെത്തിയിരുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി കേസുകളുള്ള രൂപേഷ് പൊലിസ് പിടിയിലായിട്ട് ആറു വര്‍ഷമായി. രണ്ട് സംസ്ഥാനങ്ങളിലെയും കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് രൂപേഷ് കോയമ്പത്തൂര്‍ കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.
കേരള തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പൊലിസും തീവ്രവാദ വിരുദ്ധ സേനയും എതിര്‍പ്പുമായി രംഗത്തുണ്ട്. പ്രമുഖ നേതാക്കള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി പൊലിസ് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രമുഖരുടെ വരവോടെ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടാനുള്ള സാധ്യതയാണ് ഇന്റലിജന്‍സ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."