കടല്‍ കയറി തീരം കവര്‍ന്നു ഫോര്‍ട്ടുകൊച്ചി കടപ്പുറം കാണാനെത്തുന്ന സന്ദര്‍ശകര്‍ നിരാശയില്‍
മട്ടാഞ്ചേരി: കഴിഞ്ഞ ഒരാഴ്ചയായുള്ള ശക്തമായ തിരയേറ്റത്തില്‍ ഫോര്‍ട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറം കടല്‍ കവര്‍ന്നു. കടപ്പുറത്തെ വടക്കന്‍ മേഖല പൂര്‍ണ്ണമായും കടലിനടിയിലായി. പഴയ ലൈറ്റ് ഹൗസിനു സമീപത്ത് ചെറിയൊരു പ്രദേശത്തു മാത്രമാണ് തീരം അവശേഷിച്ചിരിക്കുന്നത്. രാത്രിയും, പകലുമെന്ന വ്യത്യാസമില്ലാതെ ഇടക്കിടെ ശക്തമായ തിരയടിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കടല്‍ തീരത്തെ അഞ്ച് ചീനവലകള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി.
കടലില്‍ ശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ച സൗത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ രണ്ടു പേര്‍ അടിയൊഴുക്കില്‍പ്പെട്ടു.ലൈഫ് ഗാര്‍ഡാണ് ഇരുവരേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചത് .
വേനലവധിയായതിനാല്‍ നിരവധി സഞ്ചാരികളാണ് കടപ്പുറം കാണുവാനെത്തുന്നത്.ഇവര്‍ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.കടല്‍ തീരം നിലനിറുത്താന്‍ പുലിമുട്ട് കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മൂന്ന് ദശാബ്ദത്തോളം പഴക്കമുണ്ട്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമുണ്ട്.ലോക പൈതൃക ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള സംസ്ഥാനത്തെ സുപ്രധാന ടൂറിസം കേന്ദ്രത്തിലെ കാഴ്ചകളില്‍ ഒന്നായ മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോര്‍ട്ടുകൊച്ചി കടപ്പുറം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇട നല്‍കിയിട്ടുണ്ട്.ശക്തമായ തിരയടിയേറ്റ് ടൂറിസ്റ്റുകള്‍ക്കായി പണിത ചെറിയ പുലിമുട്ടിന്റെ താഴത്തെ കരിങ്കല്ലുകള്‍ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."