പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പാലത്തിന്റെ പിയറുകളും പിയര്‍ ക്യാപുകളും ഉള്‍പ്പെടുന്ന മേല്‍ഭാഗമാണ് പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുന്നത്.
പാലത്തിന്റെ ടാര്‍ ഇളക്കിമാറ്റുന്ന പ്രാഥമിക ജോലിയായിരിക്കും ആദ്യം നടക്കുക. പൊളിച്ചുമാറ്റുന്ന വസ്തുക്കള്‍ തെറിച്ച് റോഡിലേക്ക് വീഴാതിരിക്കാന്‍ കമ്പിവലകള്‍ സ്ഥാപിക്കും.
ഗതാഗതത്തെ ബാധിക്കാത്ത തരത്തിലാണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്.സിയാണ് പാലം പുനര്‍നിര്‍മിക്കുന്നത്. ടാറിങ് എസ്കവേറ്റര്‍ ഉപയോഗിച്ചാണ് നീക്കംചെയ്യുക.
ഡി.എം.ആര്.സിയുടെ മുട്ടത്തെ യാര്ഡിലേക്കായിരിക്കും അവശിഷ്ടങ്ങള്‍ നീക്കംചെയ്യുക. ഡി.എം.ആര്.സി ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രന് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി എട്ടുമാസത്തിനകം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ പാലത്തിലെ ഗര്‍ഡറുകള്‍ മുറിച്ചുനീക്കും.
പുതിയ പാലത്തിന് പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് സ്ഥാപിക്കുക. പൊളിച്ചുമാറ്റുന്ന ഗര്‍ഡറുകള്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
ഗുരുതര ബലക്ഷയം കണ്ടെത്തിയ പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായി പൊളിച്ചുനീക്കുകയായിരിക്കും അടുത്തഘട്ടത്തില്‍ നടക്കുക. 18.5 കോടി രൂപ ചെലവഴിച്ചാണ് പുനര്‍നിര്‍മാണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."